മാന്നാർ : ചെന്നിത്തല ത്യപ്പെരുംന്തുറ ഗ്രാമപ്പഞ്ചായത്തിൽ 2019 -20, 2020-21 വർഷങ്ങളിലെ ലോക്കൽഫണ്ട് ഓഡിറ്റ് റിപ്പോർട്ടിന്മേൽ ബി.ജെ.പി. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു. തിങ്കളാഴ്ചനടന്ന പഞ്ചായത്ത് കമ്മിറ്റിയിലെ ചർച്ചയിലാണ് ബി.ജെ.പി. അംഗങ്ങൾ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടത്. ഇ.എൻ. നാരായണൻ പ്രസിഡന്റായ കാലയളവിലെ നിരവധിപദ്ധതികളിലുണ്ടായ കൃത്യനിർവഹണത്തിലെ അപാകങ്ങൾ സംസ്ഥാന ലോക്കൽഫണ്ട് ആഡിറ്റ് വിഭാഗം റിപ്പോർട്ടിൽ ചൂണ്ടികാണിച്ചിട്ടുണ്ട്.

കോവിഡ് രോഗികളെ താമസിപ്പിക്കാൻ 2.10.2020-ന് പ്രവർത്തനം ആരംഭിച്ച സി.എഫ്.എൽ.ടി.സി. യുടെ പ്രവർത്തനത്തിനായുള്ള തനത്ഫണ്ടിൽനിന്നു മുപ്പത്തിയഞ്ചുലക്ഷംരൂപ കൊണ്ടു നിർമിച്ച താത്കാലിക ഹാളിന്റെ അപാകം ചൂണ്ടികാണിച്ച് ഹാളിന്റെ പ്രവർത്തനം നിർത്തിവെക്കാൻ കളക്ടർ ഉത്തരവിട്ടിരുന്നു. അന്നത്തെ പ്രസിഡന്റ് ഇഷ്ടക്കാർക്കു കരാർ നൽകി പ്രവൃത്തി നടത്തി പണംതട്ടിയെന്ന് അന്നത്തെ ഭരണസമിതിയിൽ ആരോപണമുയർന്നിരുന്നുവെന്ന് ബി.ജെ.പി. ആരോപിച്ചു.

സി.എഫ്.എൽ.ടി.സി.യിലേക്കു മരുന്നു നൽകുന്നതിനായി ചെറുകോൽ മംഗളോദയം കൺസ്യൂമർ കോ-ഓപ്പറേറ്റിവ് സ്റ്റോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള നീതി മെഡിക്കൽസിന്റെ ക്വട്ടേഷൻപ്രകാരം മരുന്നുവാങ്ങിയതിലും സെൻറ്ററിൽ ശുചീകരണത്തൊഴിലാളികളെ നിയമിച്ചതിലും അഴിമതി നടന്നതായി ബി.ജെ.പി. ആരോപിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ് ബിന്ദു പ്രദീപ്, ബി.ജെ.പി. പാർലമെൻറ്ററിപാർട്ടി ലീഡർ പ്രവീൺ കാരാഴ്മ, ഗോപൻ ചെന്നിത്തല, ജി. ജയദേവ്, ദീപാ രാജൻ, കീർത്തി വിപിൻ എന്നിവർ ബി.ജെ.പി.യെ പ്രതിനിധാനം ചെയ്തു ചർച്ചയിൽ പങ്കെടുത്തു.