ചെങ്ങന്നൂർ : കഥകളിയിലൂടെ ചെങ്ങന്നൂരിന്റെ ഖ്യാതി ലോകമാകെയെത്തിച്ച ഗുരുചെങ്ങന്നൂരിന്റെ പേരിൽ കലാമണ്ഡലത്തിൽ കഥകളിപുരസ്‌കാരം ഏർപ്പെടുത്തുമെന്നും ചെങ്ങന്നൂരിൽ പൂർത്തിയാകുന്ന സാംസ്‌കാരികനിലയത്തിനു ഗുരുചെങ്ങന്നൂരിന്റെ പേരു നൽകുമെന്നും മന്ത്രി സജി ചെറിയാൻ. കഥകളി ആസ്വാദനക്കളരിയുടെ നേതൃത്വത്തിൽ നടത്തിയ ഗുരുചെങ്ങന്നൂർ അനുസ്മരണവും ഏകദിനശില്പശാലയും ഉദ്ഘാടനം ചെയ്യുകയായിരുന്നു.

20,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന ഗുരുചെങ്ങന്നൂർ സ്മാരക കഥകളിപുരസ്കാരം കഥകളിമേള വിദഗ്‌ധൻ ആയാങ്കുടി കുട്ടപ്പമാരാർക്കു മന്ത്രി സമ്മാനിച്ചു. സംവിധായകൻ അടൂർഗോപാലകൃഷ്ണൻ ഗുരുചെങ്ങന്നൂർ അനുസ്മരണം നടത്തി.

മുൻ ചീഫ് സെക്രട്ടറി ആർ. രാമചന്ദ്രൻനായർ ശില്പശാല ഉദ്ഘാടനം ചെയ്തു. ആസ്വാദനക്കളരി പ്രസിഡന്റ്‌ എൻ. ഉണ്ണിക്കൃഷ്ണപിള്ള അധ്യക്ഷനായി. കവി ഒ.എസ്. ഉണ്ണിക്കൃഷ്ണൻ, ഡോ. പി. വേണുഗോപാൽ, കുറൂർ വാസുദേവൻ നമ്പൂതിരി, കലാമണ്ഡലം രാജശേഖരൻ, കെ. ഹരിശർമ, എസ്. ശ്രീനിവാസൻ, ഇ.എൻ. കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.