ചേർത്തല : കോവിഡ് ബാധിതയായ വിദ്യാർഥിയെ പി.പി.ഇ.കിറ്റണിഞ്ഞ് സ്വന്തം ഓട്ടോയിൽ പരീക്ഷയെഴുതാൻ കൊണ്ടുപോയ കാരണത്താൽ പാർട്ടിയംഗത്തെ സി.പി.എം. ബ്രാഞ്ച്‌ സമ്മേളനത്തിൽ വിലക്കിയെന്നു വിമർശനം.

നഗരസഭ ഒന്നാംവാർഡിലെ ബ്രാഞ്ച്‌ സമ്മേളനത്തിലാണ് സംഭവം. രോഗിയുമായി സമ്പർക്കത്തിന്റെ പേരിലാണ് സമ്മേളനത്തിൽ വിലക്കേർപ്പെടുത്തിയത്.

പി.പി.ഇ.കിറ്റണിഞ്ഞ് സമ്മേളനത്തിൽ പങ്കെടുക്കാമെന്നറിയിച്ചിട്ടും ഒരുവിഭാഗം അനുവദിച്ചില്ലെന്നാണ് ആക്ഷേപം. ഒരുവിഭാഗത്തിന്റെ ആസൂത്രിതനീക്കത്തിന്റെ ഭാഗമായാണ് വിലക്കെന്നുകാട്ടി നേതൃത്വത്തിനടക്കം പരാതികൾ നൽകിയതായാണ് വിവരം.

എന്നാൽ, പാർട്ടി നൽകിയ മാർഗരേഖപ്രകാരം സമ്പർക്കവിലക്കുള്ളവർക്കു സമ്മേളനങ്ങളിൽ പ്രവേശനം വേണ്ടെന്നുണ്ടെന്നും മാനദണ്ഡപ്രകാരമാണ് ഒഴിവാക്കിയതെന്നുമാണ് പാർട്ടിനേതൃത്വം പറയുന്നത്.

അംഗത്തെയും ബോധ്യപ്പെടുത്തിയാണ് നടപടികളെടുത്തതെന്നും നേതൃത്വം അറിയിച്ചു.