ചെങ്ങന്നൂർ : സ്വാതന്ത്ര്യസമരസേനാനി കുടിലിൽ ജോർജ് രക്തസാക്ഷിത്വം വരിച്ചിട്ട് ബുധനാഴ്ച 83 വർഷം പൂർത്തിയാകും. എന്നാൽ, കുടിലിൽ ജോർജിനായുള്ള ഒരു സ്മാരകം എന്ന സ്വപ്നം ഇനിയും അകലെയാണ്. കെ.എസ്.ആർ.ടി.സി. പരിസരത്തു (അന്നത്തെ മിൽസ് മൈതാനം) സ്മാരകത്തിനായി ആരംഭിച്ച നിർമാണം നിലവിൽ സ്റ്റോപ്പ് മെമ്മോയിൽ കിടക്കുകയാണ്. നഗരസഭയുടെ അനുമതിയില്ലാതെ നിർമാണം തുടങ്ങിയെന്നു ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയത്.

1938 സെപ്റ്റംമ്പർ 29-നാണ് തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ സമ്മേളനം ഇന്നത്തെ ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് പരിസരത്തു നടത്തിയത്.

സമ്മേളനം നിരോധിച്ച സർ സി.പി.യുടെ പോലീസ്, പങ്കെടുത്ത പ്രവർത്തകർക്കുനേരെ ലാത്തിവീശി. തുടർന്നു നടത്തിയ പ്രക്ഷോഭത്തിനിടയിൽ കുടിലിൽ ജോർജ് വെടിയേറ്റുവീഴുകയായിരുന്നു.

യു.ഡി.എഫ്. ഭരണകാലത്താണു സ്മാരകത്തിനായി സ്ഥലം വിട്ടുനൽകാൻ തീരുമാനിച്ചത്. മുൻ നഗരസഭാ ചെയർമാനും നിലവിലെ കൗൺസിലറുമായ കെ. ഷിബുരാജന്റെ നേതൃത്വത്തിലാണ് സ്മാരകത്തിന്റെ നിർമാണം ആരംഭിച്ചത്. പ്രസ്തുത സ്ഥലത്ത്‌ പണിയുന്ന ബസ് ടെർമിനലിന്റെ സമഗ്രരേഖ ലഭിക്കുന്നമുറയ്ക്ക്‌ സ്മാരകം സംബന്ധിച്ചുള്ള തീരുമാനം അറിയിക്കാമെന്നാണ്‌ കളക്ടർക്കു കെ.എസ്.ആർ.ടി.സി. നൽകിയിരിക്കുന്ന മറുപടി.

സ്മാരകം ഉയരുന്നതു കാണാനാകാതെ 2012-ൽ ജോർജിന്റെ ഭാര്യ അന്നമ്മ ജോർജ് മരിച്ചു. മകനായ ജോർജ് മാത്യുവിന് ആറുമാസം പ്രായമുള്ളപ്പോഴാണ് കുടിലിൽ ജോർജ് വെടിയേറ്റു മരിക്കുന്നത്. പിതാവിന്റെ പേരിൽ സ്മാരകം ഉയരാൻ വൈകരുതെന്നാണ് മകന്റെയും ആഗ്രഹം.