ചേർത്തല : റോഡിനടിയിലൂടെ പോകുന്ന പൈപ്പ്‌ലൈനുകളിലെ തകരാറുകൾ പരിഹരിക്കാൻ റോഡ്‌ പൊളിക്കുന്നത് ചേർത്തലയിലും പ്രതിസന്ധിയാകുന്നു. കോടികൾ മുടക്കി ദേശീയപാത നിലവാരത്തിൽ നിർമിച്ച റോഡുകളാണ് അറ്റകുറ്റപ്പണികൾക്കായി പൊളിക്കുന്നത്. പൊളിക്കുന്ന ഭാഗത്ത് അറ്റകുറ്റപ്പണികൾ നടത്തുന്നുണ്ടെങ്കിലും അതു പൂർണതോതിൽ ഫലം കാണുന്നില്ലെന്നാണ് വിമർശനം. പൊളിക്കുന്ന ഭാഗത്ത് ജലഅതോറിറ്റി കോൺക്രീറ്റുചെയ്യുന്നതാണ് രീതി. എന്നാൽ, ഇത് ടാറിങ്ങിനു സമമാകുന്നില്ലെന്നതാണ് പ്രതിസന്ധിയാകുന്നത്.

നിലവിൽ സെയ്ന്റ്‌മേരീസ് കവലയ്ക്കുസമീപം റോഡിനുനടുവിൽ കുഴിയെടുത്ത് അറ്റകുറ്റപ്പണികൾ നടക്കുകയാണ്. രണ്ടുവർഷംമുൻപ്‌ നിർമിച്ചതാണ് റോഡ്. താലൂക്കിൽതന്നെ ജപ്പാൻകുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ്‌ലൈനുകളെല്ലാം കടന്നുപോകുന്നത് റോഡുകൾക്കടിയിലൂടെയാണ്. പൈപ്പ്പൊട്ടൽ നിരന്തരമുണ്ടാകുമ്പോൾ റോഡുകൾ താറുമാറാകുന്നതും പതിവ്‌. പൈപ്പുകളിലെ തകരാറുകൾ പരിഹരിക്കാൻ വൈകുന്നതും റോഡുകൾക്കു ഭീഷണിയാകുന്നു.

ചേർത്തല ദേശീയപാതയിൽ ഒറ്റപുന്നയ്ക്കു സമീപവും കോടതികവലയിൽനിന്നു ടി.ബി.യിലേക്കുള്ള റോഡിലും ഇത്തരത്തിൽ അറ്റകുറ്റപ്പണികൾ നടത്തിയിട്ടുണ്ട്. ചേർത്തല-അരൂക്കുറ്റി റോഡിലും നിരവധി സ്ഥലങ്ങളിൽ പൈപ്പുപൊട്ടി റോഡ് പ്രതിസന്ധിയിലായി.

പൊതുമരാമത്തുവകുപ്പിന്റെ അനുമതിയോടെയാണ് പൈപ്പ്‌ലൈനുകളിലെ തകരാർ പരിഹരിക്കാൻ റോഡുകളിൽ കുഴിയെടുക്കുന്നതെന്നാണ് ജലഅതോറിറ്റി അധികൃതർ പറയുന്നത്. പ്രധാനറോഡുകളിൽ പ്രവർത്തനങ്ങൾ നടത്താൻ അറ്റകുറ്റപ്പണികളുടെ തുക മുൻകൂറായി അടയ്ക്കുന്നുണ്ട്. മറ്റു റോഡുകളിൽ ജലഅതോറിറ്റിയും പൊതുമരാമത്തുവകുപ്പുമായി കരാറുണ്ടാക്കിയാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. അതിനാൽതന്നെ കൃത്യമായി അറ്റകുറ്റപ്പണികൾ നടത്തുന്നുണ്ടെന്നും അവർ പറയുന്നു.