ആലപ്പുഴ : കോവിഡ് അതിവ്യാപനമുള്ള ജില്ലകളുടെ പട്ടികയിൽ ആലപ്പുഴയെ ഉൾപ്പെടുത്തിയ കേന്ദ്രനിലപാട് വിവാദത്തിൽ. ഒന്നരമാസമായി പത്തിൽത്താഴെ രോഗസ്ഥിരീകരണനിരക്കുള്ള (ടി.പി.ആർ.) ആലപ്പുഴ എങ്ങനെയാണ് പട്ടികയിലിടംപിടിച്ചതെന്ന് ആരോഗ്യവകുപ്പിനോ ജില്ലാഭരണകൂടത്തിനോ വ്യക്തമല്ല.

ആലപ്പുഴയെക്കാൾ ടി.പി.ആർ. കൂടുതലുള്ള പല ജില്ലകളും പട്ടികയ്ക്കു പുറത്താണ്. അതുകൊണ്ടുതന്നെ കേന്ദ്രത്തിനു തെറ്റുപറ്റിയതോ പഴയ കണക്കോ ആകാമെന്നാണു നിഗമനം. ടി.പി.ആർ., രോഗികളുടെ എണ്ണത്തിലെ വർധന എന്നിവ മാനദണ്ഡമാക്കിയാൽ ഒരിക്കലും ആലപ്പുഴ പട്ടികയിൽ ഉൾപ്പെടില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ.

ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് ഏറെക്കാലത്തിനുശേഷം ജില്ലയിൽ രോഗികളുടെ എണ്ണം ആയിരംകടന്നത്. പരിശോധനകളുടെ എണ്ണം കൂട്ടിയതിനാലായിരുന്നു ഇത്. അപ്പോഴും ടി.പി.ആർ. പത്തിൽത്താഴെയായിരുന്നു.

ഏതു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ആലപ്പുഴയെ ഉൾപ്പെടുത്തിയതെന്നു കേന്ദ്രം ഇതുവരെ അറിയിച്ചിട്ടില്ല. അതുകൊണ്ടുതന്നെ കേന്ദ്രത്തിന്റെ അതിവ്യാപനപ്പട്ടികയുടെ അടിസ്ഥാനത്തിൽ എന്തു നടപടികൾ കൈക്കൊള്ളണമെന്നതു സംബന്ധിച്ചും വ്യക്തമായ തീരുമാനമെടുക്കാതെ കുഴങ്ങുകയാണ് അധികൃതർ.

കോവിഡ് അതിവേഗം കൂടിക്കൊണ്ടിരിക്കുന്ന രാജ്യത്തെ 22 ജില്ലകളിൽ കേരളത്തിൽനിന്ന് ആലപ്പുഴയടക്കം ഏഴു ജില്ലകളെയാണ് ഉൾപ്പെടുത്തിയത്. കോട്ടയം, മലപ്പുറം, വയനാട്, തൃശ്ശൂർ, പത്തനംതിട്ട, എറണാകുളം എന്നിവയായിരുന്നു മറ്റു ജില്ലകൾ.

ആലപ്പുഴയെ കോവിഡ് അതിവ്യാപനപ്പട്ടികയിൽ ഉൾപ്പെടുത്തിയ നടപടിയിൽ ആരോഗ്യപ്രവർത്തകരും അമർഷത്തിലാണ്.

ഒട്ടേറെ ത്യാഗങ്ങൾ സഹിച്ചാണ് രോഗികളുടെ എണ്ണം കുറയ്ക്കാൻ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടെ ഇത്തരം റിപ്പോർട്ടുകൾ വരുന്നത് മാനസികമായി തളർത്തുമെന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്.