ചേർത്തല : ദേശീയപാതയിൽ കെ.വി.എം.കവലയിലെ കുരുക്ക് പ്രദേശത്തെയാകെ മുറുക്കിയിരിക്കുകയാണ്. കുരുക്കിൽ മുടങ്ങുന്ന യാത്രാസമയത്തിനുമപ്പുറം പല ജീവനുകളും ഇവിടെ അപകടത്തിൽ പൊലിഞ്ഞു. മരുത്തോർവട്ടം ഭാഗത്തുനിന്ന്‌ എത്തുന്ന പ്രധാന റോഡ് ദേശീയപാതയിൽ സന്ധിക്കുന്നതാണിവിടം. ആശുപത്രികളും നഴ്‌സിങ് കോളേജുകളും ഹോസ്റ്റലും പോളിടെക്‌നിക് കോളേജും തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങളാണ്‌ ഇവിടെ പ്രവർത്തിക്കുന്നത്. ചേർത്തലയിലെ ഏറ്റവും പ്രധാന ജങ്‌ഷനായ എക്സ്‌റേ കവലയ്ക്കു തെക്കുമാറിയാണ് തിരക്കും അപകടങ്ങളും വെല്ലുവിളിയുയർത്തുന്ന കവല.

സിഗ്നൽസംവിധാനമോ നിയന്ത്രണത്തിനു പോലീസോ വേണം

ഇവിടെ തിരക്കിനും കുരുക്കിനും അപകടങ്ങൾക്കും പരിഹാരംകാണാൻ സിഗ്നൽസംവിധാനമോ നിയന്ത്രിക്കാൻ പോലീസ് സാന്നിധ്യമോ ആണ് പ്രദേശവാസികൾ അഭ്യർഥിക്കുന്നത്. കെ.വി.എം.കവലയിലെ പ്രതിസന്ധിക്കു പരിഹാരംകാണാൻ ഇടപെടലാവശ്യപ്പെട്ട് മരുത്തോർവട്ടം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സാന്ത്വനം 500 പേരുടെ ഒപ്പുസമാഹരിച്ച് കൃഷിമന്ത്രി പി. പ്രസാദിനു നിവേദനം നൽകി.

തിരക്കോടു തിരക്ക്

ഇവിടെ റോഡു മുറിച്ചുകടക്കാൻ കാൽനടയാത്രികർക്കും വാഹനയാത്രികർക്കും വലിയ കാത്തിരിപ്പാണ് വേണ്ടിവരുന്നത്. സുരക്ഷയില്ലാതെ സ്വന്തം കരുതലിലുള്ള റോഡുമുറിച്ചുകടക്കലിനിടയിലാണ് അപകടങ്ങൾ ഉണ്ടാകുന്നത്. രാവിലെയും വൈകീട്ടും ഇതുവഴി കടക്കുകയെന്നത് വലിയ വെല്ലുവിളിതന്നെയാണ്. സീബ്രാലൈൻ ഉണ്ടെങ്കിലും അതിന്റെ പ്രയോജനമൊന്നും ജനങ്ങൾക്കു ലഭിക്കുന്നില്ല.