ഹരിപ്പാട് : കാർത്തികപ്പള്ളി തോടിന്റെ തീരത്ത് 12 ലക്ഷം രൂപമുടക്കി കോൺക്രീറ്റുചെയ്ത റോഡ് ഏതുനിമിഷവും ഇടിഞ്ഞുവീഴാവുന്ന നിലയിൽ. പാർശ്വഭിത്തിയില്ലാത്തതാണ്‌ വിനയാകുന്നത്.

ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു പടിഞ്ഞാറുള്ള ബ്ലോക്ക് പാലംമുതൽ വടക്കോട്ട് 200 മീറ്റർ റോഡാണ് കോൺക്രീറ്റുചെയ്തത്. 2.8 മീറ്റർ വീതിയിലാണ് റോഡ് പുനർനിർമിച്ചിരിക്കുന്നത്. കോൺക്രീറ്റുചെയ്തപ്പോൾത്തന്നെ പാർശ്വഭിത്തിയില്ലാത്തതിലെ ബുദ്ധിമുട്ട് നാട്ടുകാർ ചൂണ്ടിക്കാട്ടിയതാണ്. കഴിഞ്ഞദിവസങ്ങളിലെ കനത്ത മഴയിൽ തോടിന്റെ തീരം ഇടിഞ്ഞുതുടങ്ങിയിരിക്കുകയാണ്. മഴ ഇതേരീതിയിൽ തുടർന്നാൽ അധികം വൈകാതെ പുതിയ റോഡ് പൂർണമായും ഇടിഞ്ഞുതാഴ്ന്നുപോകും. ഇതോടെ പ്രദേശത്തെ ഇരുപതോളം കുടുംബങ്ങളുടെ യാത്രാമാർഗവും നഷ്ടമാകും.

നഗരസഭയിലെ 29-ാം വാർഡിലാണ് ഈ റോഡ്. 2018-ലെ മഹാപ്രളയത്തിനുശേഷം ഗ്രാമീണറോഡുകൾ പുനരുദ്ധരിക്കാൻ നടപ്പാക്കിയ മുഖ്യമന്ത്രിയുടെ പ്രദേശിക റോഡുവികസന പദ്ധതിയിൽനിന്നാണ് ഫണ്ട് ലഭ്യമാക്കിയത്. റോഡിനനുവദിച്ച ഫണ്ടിൽ മിച്ചംവന്ന തുക വിനിയോഗിച്ച് 17 മീറ്റർ നീളത്തിൽ പാർശ്വഭിത്തി കെട്ടിയിട്ടുണ്ട്. ഇത്രയും ഭാഗം സുരക്ഷിതമാണ്. 200 മീറ്ററിൽ ബാക്കിയുള്ള സ്ഥലം ഏതുനിമിഷവും ഇടിഞ്ഞുവീഴാവുന്ന നിലയിലാണ്.

നഗരസഭയിലെ മൂന്ന്, നാല്, 11 വാർഡുകളിലും ഇതേ പദ്ധതിയിൽ റോഡു നിർമിച്ചിരുന്നു. 29-ാം വാർഡിൽ ഏറെ വൈകി രണ്ടുമാസം മുൻപാണ് കോൺക്രീറ്റ് റോഡ് പൂർത്തിയായത്.

ബ്ലോക്ക് പാലത്തിൽനിന്നു തെക്കോട്ട് ഡാണാപ്പടിയിലേക്കുള്ള റോഡ് ടാർചെയ്യാൻ പദ്ധതിയുണ്ട്. ഇതിനുള്ള ഫണ്ട് അനുവദിക്കുകയും ജോലിക്കുള്ള കരാർ നൽകുകയും ചെയ്തതാണെങ്കിലും പണിതുടങ്ങാൻ കഴിയുന്നില്ല. പാർശ്വഭിത്തിയില്ലാത്തതിനാൽ റോഡ് ഇടിഞ്ഞുതാഴുമെന്നതിനാൽ റോഡ് റോളർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഇറക്കാൻ കഴിയാത്തതാണ് പ്രശ്നമാകുന്നത്.

കാർത്തികപ്പള്ളി തോടിന്റെ ആഴംകൂട്ടാനുള്ള പദ്ധതി ഇറിഗേഷൻവകുപ്പിന്റെ പരിഗണനയിലുണ്ട്. ഇപ്പോൾ കോൺക്രീറ്റുചെയ്തിട്ടുള്ള ഭാഗത്ത് പാർശ്വഭിത്തി കെട്ടിയില്ലെങ്കിൽ ഈ സമയത്ത് റോഡ് നിശ്ശേഷം തകർന്നുപോകും.

ആഴം കൂട്ടുന്നതിനുമുൻപ്‌ ഇവിടെ സംരക്ഷണഭിത്തി കെട്ടണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.