ആലപ്പുഴ : ആഘോഷങ്ങളോ ആരവങ്ങളോ ഇല്ല. തിയേറ്റർനിറഞ്ഞ് ആളുകളില്ല. എങ്കിലും സിനിമാപ്രേമികളുടെ മനസ്സുനിറച്ച്‌ ബുധനാഴ്ച സിനിമകൾ വെള്ളിത്തിരയിൽ ചലിച്ചുതുടങ്ങി. ആറുമാസത്തെ ഇടവേളയ്ക്കുശേഷമാണു തിയേറ്ററുകൾ തുറന്നത്. പതിവ് ആൾക്കൂട്ടമില്ല. പാർക്കിങ് സ്ഥലത്തു വിരലിലെണ്ണാവുന്ന ബൈക്കുകൾമാത്രം. വന്നവരിലേറെയും യുവാക്കൾ. പ്രദർശനമാരംഭിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെ തിയേറ്ററുകളിലേക്ക് ഓടിക്കയറുകയായിരുന്നു പലരും. ശരീരോഷ്മാവ് പരിശോധിച്ചു കൈകൾ സാനിറ്റൈസ് ചെയ്യിപ്പിച്ചശേഷമാണ് അകത്തേക്കു കയറ്റിയത്. ഒന്നിടവിട്ട സീറ്റുകളിലാണ് ഇരുത്തിയത്.

ശേഷം സ്‌ക്രീനിൽ...

:മലയാളപടങ്ങൾ റിലീസ് ചെയ്യാത്തതിനാൽ ജയിംസ് ബോണ്ട് ചിത്രമായ ‘നോ ടൈം ടു ഡൈ’ ആണ് പലയിടത്തും പ്രദർശിപ്പിച്ചത്. ഇരുട്ടുമുറിയിൽ ചുരുങ്ങിയ സീറ്റുകളിൽമാത്രം കാഴ്ചക്കാർ. ജയിംസ് ബോണ്ട് സിനിമകളിലെ ഹിറ്റ് ഡയലോഗ് ‘മൈ നെയിം ഈസ് ബോണ്ട്, ജയിംസ് ബോണ്ട്’ ചിലർ തമാശരൂപേണ ആവർത്തിച്ചു.

ഏറെനാളുകൾക്കുശേഷം തിയേറ്ററിലെത്തി വലിയസ്ക്രീനിൽ ട്രെയിലറുകൾ കണ്ടതോടെ ആവേശമുണർന്നു. ആലപ്പുഴയിൽ കൈരളി, പാൻസിനിമാസ് എന്നിവിടങ്ങളിൽ പ്രദർശനം നടന്നു. ‘നോ ടൈം ടു ഡൈ’, ‘വെനം’, ‘ഷാൻ ചി’ എന്നീ ചിത്രങ്ങളായിരുന്നു ഇവിടെ.

‘തിയേറ്ററിൽ സിനിമകാണുന്ന അനുഭവം ആസ്വദിക്കാനാണ് ആദ്യദിനംതന്നെ എത്തിയത്. സിനിമയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ നേരത്തേ പുറത്തുവന്നെങ്കിലും വലിയസ്ക്രീനിൽ കാണുന്നതിന്റെ രസം വേറെയല്ലേ?’- ഹാഷിം ചോദിച്ചു. ‘പതിവായി സിനിമകാണുന്നയാളാണ്. തിയേറ്ററുകളിൽ സിനിമകാണുന്ന അനുഭവം മറ്റൊരു പ്ലാറ്റ്ഫോമിലും ലഭിക്കില്ല.

ഹോളിവുഡ് ചിത്രമായതിനാലാണ് ആളുകൾ കുറഞ്ഞതെന്ന് പാൻസിനിമാസ് മാനേജർ പി.എം. പ്രദീപ് പറഞ്ഞു. തമിഴ്, മലയാളം സിനിമകൾ പുറത്തിറങ്ങുന്നതോടെ സ്ഥിതിമാറും.

നവംബറിൽ സജീവമാകും

:ആദ്യദിനം വളരെക്കുറച്ചു തിയേറ്ററുകളിൽമാത്രമാണു പ്രദർശനമുണ്ടായത്. നഗരത്തിലെ പങ്കജ്, സീതാസ് എന്നിവിടങ്ങളിൽ വ്യാഴാഴ്ച പ്രദർശനമാരംഭിക്കും. ചേർത്തല കൈരളി, പാരഡൈസ്, ചെങ്ങന്നൂർ സീ സിനിമാസ്, ഹരിപ്പാട് എം.ലാൽ എന്നിവിടങ്ങളിലും പ്രദർശനമുണ്ടായിരുന്നു. മാവേലിക്കരയിലെ സന്തോഷ്, സാന്ദ്ര, വള്ളക്കാലിൽ നവംബർ നാലിനുമാത്രമേ പ്രദർശനം തുടങ്ങൂ.

വ്യാഴാഴ്ച ശിവകാർത്തികേയന്റെ തമിഴ്‌ചിത്രമായ ‘ഡോക്ടർ’ പുറത്തിറങ്ങും. നവംബർ നാലിന് രജനികാന്തിന്റെ ‘അണ്ണാത്തെ’ എത്തുന്നതോടെ തിയേറ്ററുകളിൽ ഉത്സവപ്രതീതിയുണ്ടാകുമെന്നാണു പ്രതീക്ഷ. ദുൽഖർ സൽമാൻ നായകനായ ‘കുറുപ്പ്’ ആണ് വരാനിരിക്കുന്ന മലയാളസിനിമ. നവംബർ 12-നാണ് റിലീസ്.