ആലപ്പുഴ : കണക്കു പരിശോധിച്ചാൽ സൂപ്പർബൈക്കുകളുണ്ടാക്കുന്ന അപകടങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതായി കാണാം. പോലീസിനോ മോട്ടോർവാഹന വകുപ്പിനോ നിയന്ത്രിക്കാൻ സാധിക്കുന്നതിലും അപ്പുറമാണു കാര്യങ്ങൾ. ഇത് അവരുടെ മാത്രമല്ല, നിയമം പാലിച്ചു മാന്യമായി വാഹനമോടിക്കുന്നവരുടെ ജീവൻകൂടി അപകടത്തി‌ലാക്കുന്നു. സെക്കൻഡുകൾകൊണ്ട് നൂറുകിലോമീറ്റർ വേഗത്തിലേക്കു കുതിച്ചുപായാൻ കഴിയുന്ന ഇത്തരം ബൈക്കുകൾ അനുദിനം കൂടുകയാണ്.

നമ്മുടെ റോഡിലോ ഈ അഭ്യാസം

: വീതികുറഞ്ഞതും തിരക്കേറിയതുമായ റോഡുകളിലാണു പലരും അമിതവേഗവും അഭ്യാസപ്രകടനവും നടത്തുന്നത്. കേരളത്തിലെ നിരത്തുകൾക്കു പറ്റിയതരത്തിലല്ല സൂപ്പർബൈക്കുകളുടെ രൂപകല്പന. എന്നാൽ, ഇവ വിൽക്കുന്നതു തടയാനോ നിയന്ത്രിക്കാനോ സാധിക്കില്ല. കേരളത്തിലിറങ്ങിയിട്ടുള്ള സൂപ്പർബൈക്കുകളിൽ പലതും ഇതിനകം അപകടത്തിൽപ്പെട്ടിട്ടുണ്ടെന്ന് മോട്ടോർവാഹന വകുപ്പു ദ്യോഗസ്ഥർ പറയുന്നു. ഒട്ടേറെപ്പേർ മരിക്കുകയും അതിലുമേറെപ്പേരെ കൊല്ലുകയും ചെയ്തു.

നടപടി സ്വീകരിക്കാൻ മോട്ടോർ വാഹനവകുപ്പ്

:ജില്ലയിൽ കഴിഞ്ഞദിവസങ്ങളിലുണ്ടായ സൂപ്പർ ബൈക്ക് അപകടങ്ങളുടെ പശ്ചാത്തലത്തിൽ അമിതവേഗത്തിൽ പോകുന്നവർക്കെതിരേ കർശനനടപടി സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പ്. ലൈസൻസ് സസ്പെൻഡു ചെയ്യുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് ആലപ്പുഴ ആർ.ടി.ഒ. സജിപ്രസാദ് പറഞ്ഞു. വരുംദിവസങ്ങളിൽ കുടുതൽ സ്ക്വാഡുകൾ പരിശോധനയ്ക്കിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

രക്ഷിതാക്കൾക്കും പങ്ക്

: തിരിച്ചറിവു വരുന്നതിനു മുമ്പേ ലക്ഷങ്ങൾ മുടക്കി ഇത്തരം ബൈക്കുകൾ വാങ്ങിക്കൊടുക്കുന്ന രക്ഷിതാക്കളാണ് യഥാർഥ കുറ്റക്കാരെന്ന് സൈക്കോളജിസ്റ്റുകൾ പറയുന്നു. മക്കൾ ആവശ്യപ്പെടുന്നതെന്തും വാങ്ങിക്കൊടുക്കുന്ന രക്ഷിതാക്കളെ ബോധവത്കരിക്കണം. വായ്പയെടുത്തുവരെ ബൈക്കുകൾ വാങ്ങിക്കൊടുക്കുന്നവരുണ്ട്. ബൈക്കിൽ ചീറിപ്പായുന്നതു മറ്റുള്ളവർ കാണുന്നതിലുള്ള ആഹ്ലാദമാണ് കൗമാരക്കാരെ നയിക്കുന്നത്. മുന്നിൽ കാത്തിരിക്കുന്ന അപകടസാധ്യതകളെ ഇവർ കണക്കിലെടുക്കുന്നില്ല. ഏതുസാഹചര്യത്തിലും വണ്ടി നിർത്താൻ കഴിയുമെന്ന അബദ്ധജടിലമായ ആത്മവിശ്വാസവും അപകടത്തിലേക്കു നയിക്കുന്നു. ഏതുനിമിഷവും തെന്നിമറിയാവുന്ന വെറും രണ്ടുചക്രങ്ങളിൽ ബാലൻസ് ചെയ്ത് ഓടുന്ന വാഹനമാണത് എന്ന ബോധ്യമാണ് ആദ്യംവേണ്ടത്. സൂപ്പർ ബൈക്കുകളുമായി റോഡിൽ മരണക്കസർത്തു നടത്തുന്നവർ മാന്യമായി വാഹനമോടിക്കുന്നവർക്കു ഭീഷണി

വണ്ടിയോടിക്കാൻ പരിശീലനം വേണം

:സൂപ്പർബൈക്കുകൾ ഉപയോഗിക്കുന്നവർക്കു പ്രത്യേക പരിശീലനം നൽകാൻ അധികൃതർ മുന്നോട്ടുവന്നിട്ടുണ്ട്. ഡീലർമാരുടെ നേതൃത്വത്തിലാണിത്. വാഹനത്തെ അടുത്തറിയുക, അതിന്റെ വേഗവും കുതിപ്പുശേഷിയും മനസ്സിലാക്കുക, അപകടസാധ്യതകൾ തിരിച്ചറിയുക തുടങ്ങിയവയാണു പഠിപ്പിക്കുക.

യാത്രക്കാരുടെ ജീവൻകൂടി അപകടത്തിലാക്കുകയാണ് വിവേകശൂന്യരായ ഈ ചെറുപ്പക്കാർ. ഗതാഗതനിയമങ്ങളെ അവർക്കു പുല്ലുവിലയാണ്. ചോദിക്കാനാരുണ്ട് എന്നമനോഭാവത്തോടെ അത്യപകടകാരികളായി മാറിയ ഇവരെ നിയന്ത്രിക്കാൻ കർശന നടപടിതന്നെ വേണമെന്ന് മര്യാദയ്ക്കു വാഹനമോടിക്കുന്നവർക്കും കാൽനടക്കാർക്കും തോന്നുക സ്വാഭാവികം.