ചേർത്തല : മലയാളത്തിന്റെ പ്രിയകവി വയലാർ രാമവർമയുടെ 40-ാം ഓർമദിനത്തിൽ ആയിരങ്ങളുടെ പ്രണാമം. കോവിഡ് പശ്ചാത്തലത്തിൽ അനുസ്മരണച്ചടങ്ങുകളെല്ലാം ഒഴിവാക്കിയിരുന്നെങ്കിലും കവിയുടെ സ്മരണകളുണരുന്ന രാഘവപ്പറമ്പിലെ സ്മൃതിമണ്ഡപത്തിൽ ആയിരങ്ങളാണ് ഓർമപ്പൂക്കളർപ്പിച്ചത്.

രാവിലെ വയലാറിന്റെ പ്രിയപത്‌നി ഭാരതിത്തമ്പുരാട്ടിയും മകനും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്രവർമയും കുടുംബാംഗങ്ങളും പുഷ്പാർച്ചന നടത്തി. തുടർന്നു നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയവരുടെ പുഷ്പാർച്ചന രാത്രിയോളം നീണ്ടു. പുരോഗമനകലാസാഹിത്യസംഘം, ഇപ്റ്റ, യുവകലാസാഹിതി എന്നിവ ചേർന്നാണ് മൂന്നുപതിറ്റാണ്ടായി വയലാർ അനുസ്മരണം ഒരുക്കിയിരുന്നത്.

സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മന്ത്രിമാരായ സജി ചെറിയാൻ, പി. പ്രസാദ്, എ.എം. ആരിഫ് എം.പി, എം.എൽ.എ.മാർ, ഗാനരചയിതാവ് രാജീവ് ആലുങ്കൽ, സി.പി.എം, സി.പി.ഐ. നേതാക്കൾ, ഇപ്റ്റ, പുരോഗമന കലാസാഹിത്യസംഘം, യുവകലാസാഹിതി തുടങ്ങിയ സാംസ്‌കാരിക സംഘടനാ പ്രവർത്തകർ, വയലാർ രാമവർമ മെമ്മോറിയൽ ഗവൺമെന്റ് സ്‌കൂളിലെ അധ്യാപകർ തുടങ്ങിയവർ ഓർമപ്പൂക്കളർപ്പിച്ചു.

ചന്ദ്രകളഭം ഡിജിറ്റലാക്കുമെന്നു സാംസ്‌കാരിക മന്ത്രിയുടെ ഉറപ്പ്

വയലാർ രാമവർമ സ്മാരകമായ ചന്ദ്രകളഭത്തിന്റെ പോരായ്മകളെല്ലാം പരിഹരിച്ച് ഡിജിറ്റലാക്കാൻ നടപടി സ്വീകരിക്കുമെന്നു സാംസ്‌കാരിക വകുപ്പുമന്ത്രി സജിചെറിയാൻ. വയലാർ രാഘവപ്പറമ്പിൽ പുഷ്പാർച്ചനയ്ക്കുശേഷം കുടുംബാംഗങ്ങളുമായുള്ള കൂടിക്കാഴ്ചയിലാണ് മന്ത്രി അറിയിച്ചത്. ഇതിനു പ്രത്യേകം പദ്ധതി തയ്യാറാക്കി ഫണ്ട് അനുവദിക്കുമെന്ന്‌ അദ്ദേഹമറിയിച്ചു. സർക്കാർ ഫണ്ടുപയോഗിച്ചു പൂർത്തിയാക്കിയ ചന്ദ്രകളഭം കഴിഞ്ഞവർഷമാണ് കുടുംബത്തിനു കൈമാറിയത്. കുടുംബത്തിനു കൈമാറിയെങ്കിലും ഇതിന്റെ കൈകാര്യച്ചെലവടക്കം പ്രതിസന്ധിയിലാണ്.

ചേർത്തല : വയലാർ മഹാത്മാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ, വയലാർ രാമവർമയുടെ 46-ാം ചരമവാർഷികം ആചരിച്ചു. അനുസ്മരണയോഗത്തിൽ, പ്രസിഡന്റ് ആന്റണി പട്ടശ്ശേരി അധ്യക്ഷനായി. മധു വാവക്കാട്, വയലാർ ലത്തീഫ്, എൻ. രാമചന്ദ്രൻനായർ, വിനോദ് കോയിക്കൽ, സി.എ. റഹിം, വിജയമ്മ ആലപ്പാട്ട്, വിജീഷ് തൈത്തറ, അനിൽകുമാർ ആലപ്പാട്ട് എന്നിവർ പ്രസംഗിച്ചു.