കായംകുളം : ഓടകളും തോടുകളും നവീകരിച്ചില്ലെങ്കിൽ നഗരം കാത്തിരിക്കുന്നത് വലിയ വെള്ളക്കെട്ടിനെയാണ്. മിക്കയിടത്തും ഓടകളും തോടുകളും അടഞ്ഞുകിടക്കുകയാണ്. മഴപെയ്താൽ പടിഞ്ഞാറൻമേഖലയിൽ വെള്ളക്കെട്ടാണ്.

നഗരത്തിലെ തോടുകളെല്ലാം കായംകുളം കായലുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്. തോടുകൾ അടയുന്നതാണ് നീരൊഴുക്കു തടസ്സപ്പെടാൻ കാരണം. മഴ ശക്തമായാൽ മിക്ക റോഡിലും വെള്ളക്കെട്ടാണ്. വെള്ളം ഒഴുകിപ്പോകുന്നതിനുള്ള സംവിധാനമില്ല.

ചെറുതോടുകൾ പലയിടത്തും കൈയേറിയിട്ടുണ്ട്. ഇത്‌ ഒഴിപ്പിക്കാൻ നടപടിയില്ല. തോട്ടിലെ മാലിന്യം നീക്കി ആഴംകൂട്ടാനുള്ള നടപടിയുമില്ല. കരിപ്പുഴ തോട്ടിലെ ജലനിരപ്പുയർന്നാൽ നഗരത്തിലെ മിക്ക പ്രദേശത്തെയും ബാധിക്കും. ഓടകൾ മിക്കയിടത്തും അടഞ്ഞുകിടക്കുകയാണ്. വെള്ളം ഒഴുകിപ്പോകാനുള്ള നീർച്ചാലുകൾ തെളിച്ചില്ലെങ്കിൽ നഗരത്തിൽ വെള്ളക്കെട്ടിനു സാധ്യതയുണ്ട്. പലയിടത്തും ശക്തമായ മഴപെയ്യുമ്പോൾ വീടുകളിൽ വെള്ളം കയറുന്നുണ്ട്. നഗരത്തിന്റെ പടിഞ്ഞാറൻഭാഗത്തും വെയർഹൗസിനു സമീപവും കഴിഞ്ഞ മഴക്കാലത്ത് വീടുകളിൽ വെള്ളംകയറിയിരുന്നു. റോഡിൽ വെള്ളക്കെട്ടാകുന്നത് റോഡു തകരുന്നതിനും കാരണമാകുന്നുണ്ട്. കെ.പി.റോഡിൽ റെയിൽവേ മേൽപ്പാലത്തിനു സമീപത്ത് ചെറിയ മഴ പെയ്യുമ്പോൾത്തന്നെ വെള്ളക്കെട്ടാണ്.