ആലപ്പുഴ : അമേരിക്ക ആസ്ഥാനമായുള്ള ജനറ്റിക് എൻജിനീയറിങ് ബാങ്കായ (ജെൻ ബാങ്ക്) നാഷണൽ സെന്റർ ഫോർ ബയോടെക്‌നോളജി ഇൻഫർമേഷനിൽ (എൻ.സി.ബി.ഐ.) ആലപ്പുഴ എസ്.ഡി. കോളേജിനു വീണ്ടും നിക്ഷേപം. കുട്ടനാട്ടിലെ അമ്ളസ്വഭാവമുള്ള മണ്ണിൽനിന്നു സൂക്ഷ്മജീവികളെ കണ്ടെത്തിയാണു നിക്ഷേപിച്ചത്.

ഗ്ലൂട്ടാമിസിബാക്ടർ അരിലൈടെൻസിസ്, േക്രാമോബാക്ടീരിയം വയലേസ്യം, സെറേഷന്യ മാർസസൻസ് തുടങ്ങിയ ജീവികളെയാണു നിക്ഷേപിച്ചത്.

എസ്.ഡി. കോളേജിലെ മൈക്രോബയോളജി വിഭാഗത്തിലെ ഡോ. റോഷ്‌നി തോമസിന്റെയും ഡോ. സി. ദിലീപിന്റെയും നേതൃത്വത്തിൽ വിദ്യാർഥികൾ നടത്തിയ ഗവേഷണത്തിലാണു സൂക്ഷ്മജീവികളെ കണ്ടെത്തിയത്.

അമ്ളാംശം കൂടുതലുള്ള കുട്ടനാട്ടിലെ മണ്ണിൽനിന്നു വേർതിരിച്ചെടുത്ത ഈ സൂക്ഷ്മജീവികൾ സസ്യങ്ങളുടെ വളർച്ചയെ ത്വരപ്പെടുത്തുന്നതായും രോഗപ്രതിരോധശേഷി നൽകുന്നതായും പ്രാഥമികപഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ഇതേക്കുറിച്ചു കൂടുതൽ പഠനം നടത്തുകയാെണന്നും അധികൃതർ അറിയിച്ചു.

തിരുവനന്തപുരം രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയാണു സൂക്ഷ്മജീവികളുടെ ജനിതകശ്രേണി കണ്ടെത്തിയത്. 2018-ലും എസ്.ഡി. കോളേജ് സൂക്ഷ്മജീവികളെ ജെൻബാങ്കിൽ നിക്ഷേപിച്ചിരുന്നു.