അറുന്നൂറ്റിമംഗലം : ഒരുഗ്രാമത്തിലെ മുഴുവൻ അക്ഷരസ്നേഹികളുടെയും അഭയകേന്ദ്രമായ അറുന്നൂറ്റിമംഗലം ഭാഷാപോഷിണി ഗ്രന്ഥശാലയ്ക്കു സ്വന്തമായി കെട്ടിടമില്ല. 1949 ഏപ്രിലിൽ അന്നത്തെ കരപ്രമാണിമാർച്ചേർന്നു സ്ഥാപിച്ച ഗ്രന്ഥശാല, സ്ഥിതിചെയ്യുന്നത് പി.ഡബ്ല്യു.ഡി. പുറമ്പോക്കിലാണ്.

പുതുതലമുറയെ വായനയിലേക്കു വഴിതിരിച്ചുവിടാൻ മുൻകൈയെടുക്കുന്ന ഗ്രന്ഥശാലാഭാരവാഹികൾ ഞങ്ങളുടെ വിദ്യാലയത്തിനു വലിയസഹായമാണു ചെയ്യുന്നത്. സ്കൂളിന്റെ തൊട്ടുമുന്നിലായി സ്ഥിതിചെയ്യുന്ന ഗ്രന്ഥശാല, വർഷങ്ങളായി വിദ്യാർഥികൾക്കായും അംഗങ്ങൾക്കായും വായന, ക്വിസ്, രചനാമത്സരങ്ങൾ എന്നിവസംഘടിപ്പിക്കുന്നു. ഞങ്ങളുടെ കൊച്ചുഗ്രാമത്തിന്റെ സാംസ്‌കാരികകേന്ദ്രമെന്നു വിശേഷിപ്പിക്കാവുന്ന ഗ്രന്ഥശാലയ്ക്ക് ഇപ്പോഴത്തെ സ്ഥലം പതിച്ചുനൽകി കെട്ടിടം നിർമിച്ചുനൽകണമെന്ന ആവശ്യവുമായി ഭാരവാഹികൾ മുട്ടാത്ത വാതിലുകളില്ല.

ഏകദേശം എണ്ണായിരത്തോളം പുസ്തകങ്ങളുള്ള ഗ്രന്ഥശാലയിൽ ഇവ സൂക്ഷിക്കാനോ ഇരുന്നുവായിക്കാനോ പോലുമുള്ള സൗകര്യമില്ല .

ഗോപിക എസ്.പിള്ള

ഗവ.എൽ.പി. സ്‌കൂൾ, അറുന്നൂറ്റിമംഗലം