മങ്കൊമ്പ് : രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം കാവാലം തട്ടാശ്ശേരിക്കടവിൽ കടത്തിറക്കുകൂലി കൂട്ടിയതിൽ യാത്രക്കാരുടെ പ്രതിഷേധം ശക്തമാകുന്നു. കടത്തുവള്ളത്തിനു പിന്നാലെ ജങ്കാറിലും യാത്രക്കാർക്കു കൂലി കൂട്ടിയതാണ് പ്രതിഷേധത്തിനു കാരണം.

ലേലവ്യവസ്ഥപ്രകാരം മൂന്നുരൂപയാണ് കടവിൽ കടത്തിറക്കുകൂലി നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ, അഞ്ചുരൂപയാണ് കടത്തുവള്ളങ്ങളിലും ജങ്കാറിലും ഈടാക്കുന്നത്. മൂന്നുരൂപ നൽകിയാൽ നിർബന്ധമായി അഞ്ചുരൂപ ചോദിച്ചുവാങ്ങുകയും തട്ടിക്കയറുകയും ചെയ്യുമെന്നാണ് യാത്രക്കാർ പറയുന്നത്.

കഴിഞ്ഞ ഓഗസ്റ്റ് മാസം കടത്തിറക്കുകൂലി കൂടുതൽ വാങ്ങിയതിനെത്തുടർന്ന് ഗ്രാമപ്പഞ്ചായത്ത് ഇടപെട്ട്‌ നിരക്കു കുറച്ചിരുന്നു. മാർച്ചിൽ നടന്ന ലേലത്തിൽ ആളൊന്നിനു മൂന്നുരൂപ പ്രകാരം വാങ്ങാനാണ് കരാറിൽ നിശ്ചയിച്ചിരുന്നത്. ഇതിനു വിപരീതമായി നിർബന്ധിതമായി കൂടുതൽ തുക വാങ്ങിയതോടെ നാട്ടുകാർ രോഷാകുലരായി.

തുടർന്ന് ഗ്രാമപ്പഞ്ചായത്ത്‌ സെക്രട്ടറി കടവിൽ കടത്തുനിരക്കു സംബന്ധിച്ച ബോർഡ് സ്ഥാപിക്കുകയായിരുന്നു. ഇതേത്തുടർന്ന് കടത്തുവള്ളക്കാർ ഒരുദിവസം പണിമുടക്കിയെങ്കിലും കരാർ ലംഘിച്ചാൽ നടപടിയുണ്ടാകുമെന്ന നിലപാടെടുത്തതോടെ പഴയ നിരക്ക്‌ തുടർന്നു. എന്നാൽ, കഴിഞ്ഞ ഒരുമാസമായി കടത്തുവള്ളത്തിനും പിന്നീട് ജങ്കാറിലും കൂലി വീണ്ടും കൂട്ടുകയായിരുന്നു.

യാത്രക്കാരും കടത്തുകാരും തമ്മിലുള്ള വാക്കേറ്റങ്ങൾ ഇതോടെ കടവിൽ പതിവായിരിക്കുകയാണ്. വിഷയത്തിൽ ഇതുവരെ ഗ്രാമപ്പഞ്ചായത്ത്‌ അധികൃതർ ഇടപെടാത്തതിലും യാത്രക്കാർക്കു അതൃപ്തിയുണ്ട്. അധികൃതരുടെ ഭാഗത്തുനിന്ന്‌ നടപടി വൈകിയാൽ ലേലക്കരാർലംഘനത്തിനെതിരേ കോടതിയെ സമീപിക്കുമെന്നാണ് യാത്രക്കാർ പറയുന്നത്.

അതേസമയം, കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുവന്നിട്ടും കടത്തുവള്ളങ്ങളുടെയും ജങ്കാറിന്റെയും പ്രവർത്തനസമയത്തിൽ മാറ്റംവരാത്തതിലും യാത്രക്കാർ ബുദ്ധിമുട്ടിലാണ്. നേരത്തേ ജങ്കാർ രാത്രി പത്തുവരെയും കടത്തുവള്ളങ്ങൾ 10.30 വരെയുമാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ, നിലവിൽ ഒൻപതോടെ ഇരുകൂട്ടരും സർവീസ് നിർത്തുന്നതോടെ വൈകിയെത്തുന്ന സ്ത്രീകളടക്കമുള്ള യാത്രക്കാർ മറുകര കടക്കാനാകാതെ വലയുകയാണ്.