തുറവൂർ : നീണ്ട ഇടവേളയ്ക്കുശേഷം കടലിൽപ്പോയ തൊഴിലാളികൾക്ക് കടലമ്മ കനിഞ്ഞുനൽകിയത് വട്ടമത്തി മാത്രം. കിട്ടിയതാകട്ടെയെന്നുകരുതി ലേലച്ചന്തയിലെത്തിയപ്പോൾ വിലകേട്ട് തൊഴിലാളികൾ മൂക്കത്തു വിരൽവെച്ചു. ഒരുകിലോ വട്ടമത്തിക്ക് (കരിച്ചാള) വില 12 രൂപ. പേരിനു കിട്ടുന്ന അയലയും മത്തിയും കൂടി തൂക്കിവിറ്റാൽ കഷ്ടിച്ച് ചെലവുകഴിയാം. അയലയ്ക്ക്‌ 120-ഉം ചാളയ്ക്ക് 100-ഉം രൂപയാണ് ലഭിക്കുന്നത്. അന്ധകാരനഴിമുതൽ അർത്തുങ്കൽവരെയുള്ള തീരങ്ങളിൽ അടുക്കുന്ന മത്സ്യത്തൊഴിലാളികൾ നിറകണ്ണുകളോടെയാണ് വീട്ടിലേക്കു മടങ്ങുന്നത്.

ഒരു ലിറ്റർ മണ്ണെണ്ണ 92 രൂപ

യന്ത്രസഹായത്താലാണ് വള്ളങ്ങളെല്ലാം കടലിൽ പോകുന്നത്. യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാൻ മണ്ണെണ്ണയും പെട്രോളുമാണ് ഉപയോഗിക്കുന്നത്. 92 രൂപയാണ് ഒരു ലിറ്റർ മണ്ണെണ്ണയുടെ വില. ഒഴുക്കുവലകളുമായി എട്ടുപേർ പോകുന്ന ഒഴുക്കുവള്ളങ്ങളുടെ പ്രവർത്തനത്തിനായി 25 ലിറ്റർ മണ്ണെണ്ണ ഒരുദിവസം വേണം. 35 പേരുമായി കടലിൽ പോകുന്ന വീഞ്ചു വള്ളങ്ങൾക്ക് 300 ലിറ്റർ മണ്ണെണ്ണ ഒരുദിവസം വേണം. ഇത്രയേറെ പണംമുടക്കി മീനുമായി കരയ്ക്കടുത്താൽ ഒരു പ്രയോജനവുമില്ലാത്ത സ്ഥിതിയാണ്.

അന്ധകാരനഴി ആയിരങ്ങളുടെ ആശ്രയകേന്ദ്രം

അർത്തുങ്കൽമുതൽ അന്ധകാരനഴിവരെയുള്ള ആയിരക്കണക്കിനു തൊഴിലാളികൾ മത്സ്യബന്ധനത്തിനു പോകാൻ വള്ളം ഇറക്കിയിരുന്നത് ചെല്ലാനം, വൈപ്പിൻ ഹാർബറുകളിൽനിന്നാണ്. കോവിഡിനെത്തുടർന്ന് ഇവിടങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ വള്ളമിറക്കാൻ കഴിയാതെ തൊഴിലാളികൾ പട്ടിണിയിലായി. ഇതോടെ അന്ധകാരനഴിയിൽനിന്ന് വള്ളമിറക്കാൻ അനുവദിക്കണമെന്ന ആവശ്യം ശക്തമായി.

പഞ്ചായത്ത് അധികൃതരുടെയും മത്സ്യത്തൊഴിലാളികളുടെയും ആവശ്യപ്രകാരം അന്ധകാരനഴി അഴിമുഖത്ത് അടിഞ്ഞുകൂടിയ മണൽ ഡ്രഡ്‌ജുചെയ്തു നീക്കിയാണ് ഒരുവർഷം മുൻപ് വള്ളങ്ങൾ ഇറക്കാൻ സൗകര്യം ഒരുക്കിയത്. മീൻ ഇവിടെത്തന്നെ ലേലംചെയ്തു വിൽക്കാമെന്നതും തൊഴിലാളികൾക്ക് ഏറെ പ്രയോജനംചെയ്തു. പക്ഷേ, മീൻ എടുക്കാനെത്തുന്നത് വില നൽകാത്ത കച്ചവടക്കാരാണെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.

അന്ധകാരനഴിയിൽ സമൂഹവിരുദ്ധശല്യം പെരുകുന്നു

മീനിനു വിലയില്ലാതെ വിഷമിക്കുന്ന തൊഴിലാളികൾക്ക് സമൂഹവിരുദ്ധശല്യം തലവേദനയാകുന്നുണ്ട്. സുനാമി ഫണ്ടിൽ ഉൾപ്പെടുത്തി നിർമിച്ച കെട്ടിടങ്ങളുടെ ഡോർ, കസേരകൾ, ലൈറ്റ് ഉൾപ്പെടെ പല വസ്തുക്കളും മോഷണംപോയിട്ടുണ്ട്. കഴിഞ്ഞയാഴ്ച ബോട്ടുജെട്ടി നടപ്പാലത്തിന്റെ ഷീറ്റുകൾ ചിലർ നശിപ്പിച്ചു. ഇതുമൂലം മത്സ്യത്തൊഴിലാളികൾക്ക് വള്ളങ്ങളിലേക്കു കയറാൻ പറ്റാതായി. പലപ്രാവശ്യം മത്സ്യബന്ധന ഉപകരണങ്ങളും മോഷണംപോയിട്ടുണ്ട്.