ആലപ്പുഴ : ടൂറിസം സീസണെത്തിയിട്ടും നാഥനില്ലാതെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡി.ടി.പി.സി.). പുതിയ ഡി.ടി.പി.സി. സെക്രട്ടറി ചുമതലയേറ്റെടുക്കാത്തതു ജില്ലയിലെ വിനോദസഞ്ചാരമേഖലയെ ബാധിക്കുന്നു. പുതിയ പദ്ധതികളടക്കം സ്തംഭിച്ചിരിക്കുകയാണ്.

സംസ്ഥാനത്ത് രണ്ടാഴ്ചയ്ക്കു മുൻപു പുതിയ ഡി.ടി.പി.സി. സെക്രട്ടറിമാരെ നിയമിച്ചിരുന്നു. ജില്ലയിലും പുതിയ സെക്രട്ടറിക്കു ചുമതല നൽകിയിരുന്നു. എന്നാൽ, സെക്രട്ടറി ചുമതല ഏറ്റെടുത്തിട്ടില്ല.

ഡിസംബറിൽ ജില്ലയിൽ സഞ്ചാരികളേറെയെത്തുന്നതാണ്. കൂടാതെ ഇത്തവണ ബീച്ച് ഫെസ്റ്റിവൽ നടത്താനുള്ള ആലോചനയുമുണ്ട്. സ്ഥാപനങ്ങളുടെയും ഓഫീസുകളുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടതും െസക്രട്ടറിയാണ്. ‌സഞ്ചാരികളെ ജില്ലയിലേക്ക് ആകർഷിക്കാൻ വിവിധ പദ്ധതികളും പ്രചാരണങ്ങളും ആസൂത്രണം ചെയ്യേണ്ട സമയമാണിത്. സംസ്ഥാന തലത്തിൽ ടൂറിസം വകുപ്പ് പ്രചാരണങ്ങൾ നടത്തുന്നുണ്ടെങ്കിലും ജില്ലാതല പ്രചാരണമോ പാക്കേജുകളോ ആരംഭിച്ചിട്ടില്ല. സെക്രട്ടറിയുടെ നിയമനം വൈകുംതോറും ജില്ലയുടെ വിനോദസഞ്ചാരമേഖലയിൽ വലിയ വരുമാന നഷ്ടമുണ്ടാകുമെന്നാണു വിലയിരുത്തൽ. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർക്കാണ് ഡി.ടി.പി.സി.യുടെ അധിക ചുമതല നൽകിയിരിക്കുന്നത്.