ആലപ്പുഴ : പുഞ്ചക്കൃഷിക്കായി നെൽവിത്തു മുളപ്പിക്കുന്നതിനു നിർദേശങ്ങളുമായി കൃഷിവകുപ്പ്. വിതയ്ക്കുമുൻപ് വിത്ത് സ്യൂഡോമോണസ് ഫ്ളൂറസൻറ് എന്ന ജൈവകുമിൾ ലായനിയിൽ ( ഒരുകിലോഗ്രാം വിത്തിനു 10 ഗ്രാം സ്യൂഡോമോണസ് ഒരുലിറ്റർ വെള്ളത്തിൽ എന്ന തോതിൽ) 12-16 മണിക്കൂർ കുതിർത്തുവെച്ചശേഷം വെള്ളം നന്നായി വാർത്തുകളയണം.

ഈ വിത്ത്‌ നനഞ്ഞചണച്ചാക്കുപയോഗിച്ച് വായുകയറാത്തവിധം പൊതിഞ്ഞുവെക്കണം. 24 മണിക്കൂറിനുശേഷം ജലാംശം കുറയുന്നതായി കണ്ടാൽ ഉണങ്ങാതിരിക്കാൻ വെള്ളം തളിക്കണം.

മുളപൊട്ടിയ വിത്ത് 34-36 മണിക്കൂറുകൾക്കുശേഷം വിതയ്ക്കാം. പഴക്കംചെന്ന വിത്താണെങ്കിൽ രണ്ടുമണിക്കൂർ അധികം കുതിർത്തുവെക്കണം. ഉമ വിത്ത് 6.3 മില്ലീ ലിറ്റർ ഗാഡ നൈട്രിക് ആസിഡ് ഒരുലിറ്റർ വെള്ളത്തിൽ നേർപ്പിച്ച ലായനിയിൽ ഒരുകിലോഗ്രാം 12-16 മണിക്കൂർ മുക്കിയശേഷം വെള്ളംവാർത്ത് മുളയ്ക്കാൻ വെക്കണമെന്നും പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.