ഹരിപ്പാട് : നിയമസഭാ തിരഞ്ഞെടുപ്പിൽ അവശ്യസർവീസ് ജീവനക്കാർക്കും വോട്ടെടുപ്പു ചുമതലയുള്ളവർക്കും തപാൽ വോട്ടുചെയ്യുന്നതിന് ഒരുക്കിയ സഹായകേന്ദ്രങ്ങളിൽ(ഫെസിലിറ്റേഷൻ സെൻർ) ജോലിചെയ്തവർക്ക് എട്ടുമാസമായിട്ടും വേതനമില്ല.

രണ്ടുഘട്ടമായി ആറുദിവസമാണു സഹായകേന്ദ്രങ്ങൾ പ്രവർത്തിച്ചത്. വോട്ടെടുപ്പിന് തൊട്ടുമുൻപ്‌ തിരക്കിട്ട് ഏർപ്പെടുത്തിയ സംവിധാനമായതിനാൽ വേതനം ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്നു തീരുമാനിച്ചിരുന്നില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശപ്രകാരം വരണാധികാരികൾ വാക്കാൽ ഉത്തരവുനൽകിയായാണു ജീവനക്കാരെ നിയോഗിച്ചത്.

ആദ്യമായാണ് ഇത്തരത്തിൽ വോട്ടുചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തുന്നത്. അതിനാൽ ജോലിചെയ്തവർക്കുള്ള വേതനം എങ്ങനെ നൽകുമെന്ന് താലൂക്ക് ഓഫീസിലെ തിരഞ്ഞെടുപ്പുവിഭാഗം ജീവനക്കാർക്കും നിശ്ചയമില്ല. സർക്കാരിൽനിന്ന്‌ ഇക്കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ലെന്നാണു ബന്ധപ്പെട്ടവർ പറയുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫണ്ടുകളിൽ മിച്ചമുള്ളത് അടിയന്തരമായി തിരിച്ചടയ്ക്കാൻ നിർദേശമുണ്ട്. ഇതിനുശേഷം വേതനം നൽകാനാകാത്ത സാഹചര്യമാണുള്ളത്.

ജില്ലയിലെ ഒൻപത് മണ്ഡലങ്ങളിലും ഓരോകേന്ദ്രങ്ങളിലാണ് സഹായകേന്ദ്രങ്ങൾ പ്രവർത്തിച്ചത്. ജീവനക്കാരെ തങ്ങളുടെ നിയോജകമണ്ഡലത്തിനു പുറത്താണു ജോലിക്ക് നിയോഗിച്ചിരുന്നത്. കോവിഡ് പ്രതിസന്ധി രൂക്ഷമായിരുന്ന സാഹചര്യത്തിൽ പൊതുഗതഗാതമുണ്ടായിരുന്നില്ല. ഇങ്ങനെ ഏറെ ബുദ്ധിമുട്ടിയാണ് അന്നു ബന്ധപ്പെട്ടവർ ജോലിക്ക് ഹാജരായിരുന്നത്.

മാർച്ച് 28, 29, 30 തീയതികളിലായിരുന്നു പോലീസ്, അഗ്നിരക്ഷാസേന, ആരോഗ്യവകുപ്പ്, കെ.എസ്.ആർ.ടി.സി., ബി.എസ്.എൻ.എൽ. തുടങ്ങിയ അവശ്യസർവീസുകളിലെ ഉദ്യോഗസ്ഥർക്ക് തപാൽവോട്ടിന് സൗകര്യം ഒരുക്കിയിരുന്നത്.

തിരഞ്ഞെടുപ്പ് ജോലിക്ക്‌ നിയോഗിച്ചിരുന്ന ഉദ്യോഗസ്ഥർക്ക് ഏപ്രിൽ ഒന്നുമുതൽ മൂന്നുവരെയും. ഇങ്ങനെ ആറുദിവസം തുടർച്ചായി ജോലിചെയ്തവരാണ് വേതനത്തിനായി കാത്തിരിക്കുന്നത്.