ആലപ്പുഴ : കുടിവെള്ള ക്ഷാമത്തിനെതിരേ നഗരസഭ യു.ഡി.എഫ്. കൗൺസിലർമാരുടെ നേതൃത്വത്തിൽ യു.ഡി.എസ്.എം.എ.ടി. ഓഫീസിലേക്ക് മാർച്ച്‌ നടത്തി. നഗരസഭാ ഓഫീസ് പരിസരത്തുനിന്ന്‌ യു.ഡി.എഫ്.പാർലമെന്ററി പാർട്ടി ലീഡർ അഡ്വ. റീഗോ രാജുവിന്റെ നേതൃത്വത്തിൽ പൊട്ടിയ പൈപ്പുമായാണ് മാർച്ച് കളർകോട്ടേക്കു നീങ്ങിയത്. നഗരസഭയ്ക്ക് മുന്നിലെ സമരവും യുഡിസ്മാറ്റ് ഓഫീസിലേക്കുള്ള മാർച്ചും കെ.പി.സി.സി. ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ ഉദ്ഘാടനം ചെയ്തു. യുഡിസ്മാറ്റ് ഓഫീസിനു മുന്നിലെ ധർണ കെ.പി.സി.സി. ജനറൽ സെക്രട്ടറി എം.ജെ. ജോബ് ഉദ്ഘാടനം ചെയ്തു. സമാപനയോഗം ഡി.സി.സി. ജനറൽ സെക്രട്ടറി സുനിൽ ജോർജ് നിർവഹിച്ചു.

പൈപ്പ് പൊട്ടൽ 68 തവണയായിട്ടും കുറ്റക്കാർ ഭരണത്തിന്റെ തണലിൽ സുരക്ഷിതരായിരിക്കുകയാണെന്ന് നേതാക്കൾ ആരോപിച്ചു.

വാട്ടർ കിയോസ്കുകൾ തുറന്നു പ്രവർത്തിപ്പിക്കുക, കുടിവെള്ളം ഇല്ലാതാവുമ്പോൾ വീടുകളിൽ ടാങ്കറിൽ കുടിവെള്ളം എത്തിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. സജേഷ് ചാക്കുപറമ്പിൽ, പി.എസ്. ഫൈസൽ, കൊച്ചുത്രേസ്യാമ്മ ജോസഫ്, സുമം സ്കന്ദൻ, ജി. ശ്രീലേഖ, അമ്പിളി അരവിന്ദ്, ജെസിമോൾ കെ.എ., എലിസബത്ത് പി.ജി., ബിജി ശങ്കർ എന്നിവർ നേതൃത്വം നൽകി.