ചേർത്തല : ഭാവിയിലേക്കുള്ള സുസ്ഥിര ഭക്ഷ്യവിതരണശൃംഖല വികസിപ്പിക്കുന്നതിനായി യു.എൻ.ഡി.പി.യും ഐക്യരാഷ്ട്രസഭാ വൊളന്റിയേഴ്സ് ഇന്ത്യയും കേന്ദ്ര യുവജനമന്ത്രാലയവും ചേർന്നു നടത്തുന്ന സോൾവ്‌ഡ് ചലഞ്ചിന്റെ അവസാന അൻപതിൽ ചേർത്തലയിലെ കർഷകക്കൂട്ടായ്മയും. ചേർത്തല കേന്ദ്രമായി എസ്. ശിവമോഹന്റെ നേതൃത്വത്തിലുള്ള ഗ്രോഗ്രീൻ സംഘമാണ് പട്ടികയിൽ ഇടംപിടിച്ചത്.

എല്ലാ സംസ്ഥാനങ്ങളെയും ഉൾപ്പെടുത്തിയാണ് സോൾവ്ഡ് ചലഞ്ചൊരുക്കിയത്. ആയിരത്തിലധികം ഗ്രൂപ്പുകളുണ്ടായിരുന്ന മത്സരത്തിൽനിന്ന്‌ ഘട്ടങ്ങളായി ചുരുക്കിയാണ് അവസാന 50 ഗ്രൂപ്പുകളാക്കിയിരിക്കുന്നത്. തരിശുഭൂമികൾ ഏറ്റെടുത്ത്, പരമ്പരാഗത കർഷകരുടെ അനുഭവസമ്പത്ത് ഉപയോഗിച്ചും അവരിലേക്ക് ആധുനിക കൃഷിരീതികൾ എത്തിച്ചും അവരുടെ സഹകരണത്തിൽ കൃഷിചെയ്യുന്ന രീതിയാണ് ഗ്രോഗ്രീൻ കൂട്ടായ്മ മുന്നോട്ടുവെച്ചത്.

കേരള കുറാഷ് (ഒരുതരം ഗുസ്തി) ടീം ക്യാപ്റ്റനും അഗ്നിശമനസേനാ സന്നദ്ധസേന സിവിൽ ഡിഫൻസ് വാർഡനുമായ എസ്. ശിവമോഹനു പുറമേ കോളേജ് വിദ്യാർഥികളായ കെ.എസ്. അമൃത്, അശ്വിൻ പ്രസാദ്, അഖിൽ എസ്., അഭിജിത്കുമാർ, കല്യാൺ ശങ്കർ എന്നിവരാണ് കൂട്ടായ്മയിലുള്ളത്.

താലൂക്കിലെ വിവിധയിടങ്ങളിൽ ഗ്രോഗ്രീൻ സേന കൃഷിയിറക്കിയിട്ടുണ്ട്. മികച്ച പ്രവർത്തനത്തിലൂടെ അവസാന പത്തിൽ ഇടംനേടാനുള്ള തയ്യാറെടുപ്പിലാണിവർ. അവസാന റൗണ്ടിലെത്തുന്ന പത്തു ഗ്രൂപ്പുകൾക്കാണ് ക്യാഷ് അവാർഡ് അടക്കമുള്ള പ്രത്യേക പരിഗണന നൽകുന്നത്.