മുതുകുളം : ഹാൾമാർക്ക് മുദ്ര പതിപ്പിച്ചുനൽകാമെന്നേറ്റ്‌ പലരോടായി സ്വർണം വാങ്ങി കബളിപ്പിച്ച ജൂവലറി ഉടമയെ റിമാൻഡുചെയ്തു. മുതുകുളം ആയില്യത്ത് ജൂവലറി ഉടമ ഉണ്ണികൃഷ്ണനെ(35)യാണ് ഹരിപ്പാട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി റിമാൻഡു ചെയ്തത്.

തിങ്കളാഴ്ച വൈകീട്ടാണ് ഇയാൾ കനകക്കുന്ന് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ചൊവ്വാഴ്ച ഉച്ചയോടെ ഇയാളെ വീട്ടിലെത്തിച്ചുതെളിവെടുത്തു. വീട്ടിൽനിന്നു യാതൊന്നും കണ്ടെടുക്കാനായില്ല. ഒരുകട്ടിലൊഴികെയുള്ള ഗൃഹോപകരണങ്ങൾ ഇവിടെനിന്നുമാറ്റിയിരുന്നു.

ഒരുകോടി രൂപ നൽകാനുള്ളതിനാൽ തൃശ്ശൂരിലെ സ്വർണമൊത്തവ്യാപാരിക്കു വീടും വസ്തുവും നേരത്തേതന്നെ കൈമാറിയിരുന്നതായാണ് മൊഴി നൽകിയിരിക്കുന്നത്. വാടകയില്ലാതെ വീട്ടിൽ തുടർന്നുതാമസിക്കാനുള്ള ധാരണയിലായിരുന്നു കൈമാറ്റം. പകരംവീടിനായെടുത്ത ലോൺ ഉണ്ണികൃഷ്ണൻ തന്നെ അടച്ചുതീർക്കണമെന്നായിരുന്നു വ്യവസ്ഥ. പണം നൽകുന്ന മുറയ്ക്കു വീട് തിരികെ നൽകുമെന്നു ധാരണയുണ്ടായിരുന്നതായും പറയുന്നു. തിങ്കളാഴ്ച ജൂവലറിയും തുറന്നു പരിശോധിച്ചിരുന്നു.

മുദ്ര പതിപ്പിച്ചു നൽകാനായി ആദ്യമൊക്കെ വാങ്ങിയ കുറേ സ്വർണം ഉണ്ണികൃഷ്ണൻ തിരികെ നൽകിയിരുന്നു. എന്നാൽ, സാമ്പത്തിക ബാധ്യതയേറിയതിനാൽ പിന്നീട് വാങ്ങിയ സ്വർണം പുതുക്കിയതിനുശേഷം സ്വന്തം ജൂവലറിയിൽ തന്നെ വിൽപ്പന നടത്തുകയായിരുന്നു. 24 പരാതികളാണ് ഇയാൾക്കെതിരേ ഇതുവരെ കനകക്കുന്ന് പോലീസിനു ലഭിച്ചത്. 80-പവനോളം സ്വർണം നഷ്ടപ്പെട്ടതായാണ് ഇതുവരെയുള്ള പരാതി. തട്ടിപ്പിനിരയായ മുതുകുളം വടക്കുസ്വദേശിയായ ഭവാനിയുടെ പരാതിയിലാണ് പോലീസ് ഉണ്ണികൃഷ്ണനെതിരേ ആദ്യം കേസെടുത്തത്. എണ്ണക്കാട് സ്വദേശിനി ലീലാ ഹരിദാസിന്റെ പരാതിയിൽ മറ്റൊരുകേസും കഴിഞ്ഞദിവസം എടുത്തു. ഇവരുടെ മകളുടെ കല്യാണത്തിനു സ്വർണം നൽകാമെന്നേറ്റ് 3.1 ലക്ഷം രൂപയാണ്‌ മുൻകൂറായി വാങ്ങിയത്. സമാനസ്വഭാവമുള്ളതിനാൽ മറ്റുപരാതികളെല്ലാം ഒരുമിച്ചായിരിക്കും അന്വേഷിക്കുക.

കൂടുതൽ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന്‌ പോലീസ് പറഞ്ഞു. കായംകുളം ഡിവൈ.എസ്.പി. അലക്‌സ് ബേബിയുടെ നിർദേശപ്രകാരം കനകക്കുന്ന് ഐ.എസ്.എച്ച്.ഒ.ഡി. ബിജുകുമാർ, എസ്.ഐ. എച്ച്. നാസറുദീൻ, എ.എസ്.ഐ. ജയചന്ദ്രൻ, സീനിയർ സി.പി.ഒ. അനിൽ, സി.പി.ഒ.മാരായ ശ്യാംകുമാർ, സതീഷ്, അനീസ്, ശ്രീജിത്ത് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.