ആലപ്പുഴ : കേന്ദ്രവും സംസ്ഥാനവും തോളോടുതോൾ ചേർന്നുനിന്നിരുന്നെങ്കിൽ ഒരുപക്ഷേ, 20 കൊല്ലം മുൻപെങ്കിലും ആലപ്പുഴ ബൈപ്പാസിലൂടെ വണ്ടിയോടുമായിരുന്നു. നിർമാണം തുടങ്ങി മൂന്നുപതിറ്റാണ്ടിനിടെ ഒരുഘട്ടത്തിലും കേന്ദ്രവും സംസ്ഥാനവും യോജിച്ചില്ലെന്നതാണു സത്യം.
റെയിൽവേയും പൊതുമരാമത്ത് ദേശീയപാതാവിഭാഗവും തമ്മിലായിരുന്നു പ്രധാന കൊമ്പുകോർക്കൽ. സംസ്ഥാനവും കേന്ദ്രവും കോൺഗ്രസ് ഭരിച്ച ഘട്ടത്തിൽപ്പോലും അതിൽ മാറ്റമുണ്ടായില്ല.
മാളികമുക്കിലെയും കുതിരപ്പന്തിയിലെയും റെയിൽവേ മേൽപ്പാലങ്ങളായിരുന്നു പ്രധാനതടസ്സമായി എന്നും നിലനിന്നത്. ദേശീയപാതാവിഭാഗം റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണത്തിനു സമർപ്പിച്ച രൂപരേഖ വിശദാംശങ്ങൾ ഇല്ലെന്ന കാരണംപറഞ്ഞ് തള്ളിയതായിരുന്നു തുടക്കം. പാത നിർമാണത്തിന് കടൽമണ്ണ് ഉപയോഗിക്കണമെന്ന വ്യവസ്ഥ ലംഘിക്കപ്പെട്ടതും നിർമാണംനീളാൻ കാരണമായി. പരിസ്ഥിതി പ്രശ്നംമൂലം കടൽമണ്ണ് കിട്ടാത്തതിനാൽ അന്ന് നിർമാണത്തിന് ഗ്രാവൽ ഉപയോഗിച്ചു. ഇതുചട്ടവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം പണിനിർത്തിവെപ്പിച്ചു.
ഗ്രാവൽ ഉപയോഗിക്കാൻ അനുമതിനൽകിയ സംസ്ഥാനസർക്കാർ ചെലവ് വഹിക്കണമെന്നായിരുന്നു കേന്ദ്രനിലപാട്. അന്നത്തെ യു.ഡി.എഫ്. സർക്കാർ കേന്ദ്രത്തിൽ സമ്മർദം ചെലുത്തിയാണ് ഈ പ്രശ്‌നം പരിഹരിച്ചത്.
അപ്പോഴും റെയിൽവേ മേൽപ്പാലങ്ങളുടെ രൂപരേഖ പലതവണ നിരസിക്കപ്പെട്ടിരുന്നു. ബൈപ്പാസിന്റെ മറ്റുപണികൾ ഇഴഞ്ഞുനീങ്ങുമ്പോഴും ചോദ്യചിഹ്നമായി മേൽപ്പാലങ്ങളുടെ നിർമാണംനിന്നു. മേൽപ്പാലത്തിന്റെ അഭാവത്തിൽ രണ്ടറ്റവും കൂട്ടിമുട്ടാതെ വർഷങ്ങളോളം ബൈപ്പാസ് നിർജീവമായിക്കിടന്നു. മേൽപ്പാലങ്ങളുടെ തർക്കംതീർക്കാൻ കേന്ദ്രവും സംസ്ഥാനവും മാറിമാറി ഭരിച്ചവർക്കാർക്കും കഴിഞ്ഞില്ല.
നിർമാണപ്രവർത്തനങ്ങൾ നീണ്ടതോടെ പലഘട്ടങ്ങളിലും എസ്റ്റിമേറ്റ് പുതുക്കേണ്ടിവന്നു. ആദ്യം 17 കോടിയായിരുന്ന എസ്റ്റിമേറ്റ് പിന്നീട്, 221 കോടിയിലേക്കും 300 കോടിയിലേക്കും വഴിമാറി.
ഇതു കേന്ദ്ര അതൃപ്തിക്കിടയായിക്കിയിരുന്നു. ഒടുവിൽ കേന്ദ്ര-സംസ്ഥാന സർക്കാരിന് തുല്യപങ്കാളിത്തം വന്നതോടെയാണ് എസ്റ്റിമേറ്റുതുകയെച്ചൊല്ലിയുള്ള പോരവസാനിച്ചത്.
കഴിഞ്ഞവർഷം റെയിൽവേ പറഞ്ഞ എല്ലാ മാനദണ്ഡങ്ങളും അനുസരിച്ച് മേൽപ്പാലത്തിനുള്ള ഗർഡറുകൾ പൊതുമരാമത്ത് ദേശീയപാതാവിഭാഗം തയ്യാറാക്കിയതോടെയാണു ബൈപ്പാസിന്റെ പണികൾക്ക് വേഗം കൂടിയതും ഇപ്പോൾ യാഥാർഥ്യമായതും.
പക്ഷേ, ഇപ്പോഴും കേന്ദ്ര-സംസ്ഥാന പോരവസാനിച്ചിട്ടില്ല. 50 ശതമാനത്തിലധികംതുക മുടക്കിയതിനാൽ ടോൾ ഏർപ്പെടുത്തേണ്ടെന്നാണു സംസ്ഥാന നിലപാട്. ടോൾ പിരിക്കണമെന്നാണു കേന്ദ്രനിലപാട്. ഈ തർക്കം തുടരുന്നതിനിടെ ഉദ്ഘാടനത്തിനു മന്ത്രിമാരെയും ജനപ്രതിനിധികളെയും പങ്കെടുപ്പിക്കുന്നതുസംബന്ധിച്ചും തർക്കം ഉടലെടുത്തു.