ആലപ്പുഴ : പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനു ശേഷം ആലപ്പുഴ ബൈപ്പാസ് തുറന്നുനൽകുമ്പോൾ ആനവണ്ടി ഫാൻസും പ്രതീക്ഷയിലാണ്. കെ.എസ്.ആർ.ടി.സി. ബൈപ്പാസ് വഴി സർവീസ് നടത്തുമോയെന്ന ചർച്ചകൾ സോഷ്യൽമീഡിയയിൽ ഇതിനോടകം സജീവമായി.
ബൈപ്പാസുകളിലൂടെ മാത്രം സഞ്ചരിക്കുന്ന സർവീസുകൾ തുടങ്ങാൻ കെ.എസ്.ആർ.ടി.സി. തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരത്തുനിന്ന് വരുന്ന ബസുകൾക്കു കൊല്ലം, ആലപ്പുഴ നഗരങ്ങൾ ഒഴിവാക്കാനാകും.
എറണാകുളത്ത് വൈറ്റിലയിൽനിന്ന് നേെര ഇടപ്പള്ളിക്കു പോകുന്ന ബസുകൾ ഇപ്പോൾത്തന്നെയുണ്ട്. തൃശ്ശൂർ നഗരത്തിൽ കയറാതെ പാലക്കാട്ടേക്കു പോകാനും കഴിയും.
ഇതുകൂടാതെ ബൈപ്പാസ് വഴി പ്രത്യേക സർവീസ് ആരംഭിക്കണമെന്നു യാത്രക്കാർ അധികൃതരോട് ഇതിനോടകം ആവശ്യപ്പെട്ടിട്ടുണ്ട്. അമ്പലപ്പുഴ-തുറവൂർ, അരൂർ-വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി, ചേർത്തല-വണ്ടാനം തുടങ്ങിയ സർവീസുകൾ വേണമെന്നാണ് ആവശ്യം. ആലപ്പുഴ സ്റ്റാൻഡിൽ കയറാതെ ബൈപ്പാസിലൂടെ സർവീസ് ആരംഭിക്കുമ്പോൾ സമയലാഭവും ഇന്ധനലാഭവുമുണ്ടാകും.
നിലവിൽ ബൈപ്പാസ് വഴി സർവീസ് ഓപ്പറേറ്റ് ചെയ്യുന്ന കാര്യം കെ.എസ്.ആർ.ടി.സി. തീരുമാനിച്ചിട്ടില്ല. എന്നാലും ദീർഘദൂരബസുകളിൽചിലതു ബൈപ്പാസ് വഴി സർവീസ് നടത്തുമെന്നാണ് കെ.എസ്.ആർ.ടി.സി. അധികൃതർ വ്യക്തമാക്കുന്നത്.
ൈബപ്പാസ് തുറന്നുപ്രവർത്തിച്ചതിനുശേഷം മാത്രമേ സർവീസിന്റെ കാര്യത്തിൽ അന്തിമതീരുമാനമാകുകയുള്ളൂ. ജില്ലയിലെ തെക്കൻ ഡിപ്പോകൾക്ക് ഇത്തരത്തിൽ സർവീസുകൾ നടത്താൻ സാധിക്കുമെന്നാണു യാത്രക്കാർ പറയുന്നത്.