ആലപ്പുഴ : നാളുകളായി അനക്കങ്ങളില്ല. ചർച്ചകളില്ല. എന്നുവരുമെന്ന് ചോദ്യംമാത്രം അവശേഷിച്ചു. ആ നാളുകളിലാണ് രാഷ്ട്രീയം ചുരുട്ടിക്കെട്ടി കൊട്ടയിലിട്ട് അവർ ഒത്തുകുടിയത്. ലക്ഷ്യം ഒന്നേയുണ്ടായിരുന്നുള്ളു. ആലപ്പുഴ ബൈപ്പാസ്, ഒരേ ശബ്ദത്തിൽ അവർ പറഞ്ഞു, വീ വാണ്ട് ബൈപ്പാസ്.
അതെ ‘വീ വാണ്ട് ബൈപ്പാസ്’ എന്ന കൂട്ടായ്മ ഉണ്ടാക്കിയ ചലനങ്ങൾ ചെറുതല്ല. അനക്കമില്ലാതിരുന്ന ബൈപ്പാസ് നിർമാണ പ്രവർത്തിയിൽ ചെറുചലനമുണ്ടാക്കാൻ ഈ കുട്ടായ്മയ്ക്ക് കഴിഞ്ഞു. പെട്ടെന്ന് ഉരുത്തിരിഞ്ഞ ഒരു കൂട്ടായ്മായിരുന്നു. സമൂഹത്തിന്റെ നാനാതുറകളിൽനിന്നുള്ളവർ അതിൽപങ്കാളികളായി. വിവിധ രാഷ്ട്രീയപ്രസ്ഥാനങ്ങളിൽപ്പെട്ടവരും ബൈപ്പാസിനായി ഒപ്പംകൂടി. അധികാരികളുടെ കണ്ണു തുറപ്പിക്കാൻ വിവിധസമരമുറകളുമായി അവർ രംഗത്തുണ്ടായിരുന്നു. ഒരുവേളയിൽ സംസ്ഥാനസർക്കാരിനു മുന്നിൽ സമ്മർദശക്തിയായി മാറി. സമരത്തിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖകർ അണിനിരന്നു. ജനകീയ കൺവെൻഷൻ, ബൈക്ക് റാലി, വനിതാപ്രതിഷേധ കലാസംഗമങ്ങൾ, കടലിൽച്ചാടി പ്രതിഷേധം, തലകുനിക്കൽ സമരം, ഒപ്പിടൽ പ്രതിഷേധം, കണ്ണുകൾ മൂടികെട്ടി പ്രതിഷേധം, മാസ് ഇ-മെയിൽ കാമ്പയിൻ തുടങ്ങി ആലപ്പുഴ ഇതേവരെ കാണാത്ത സമരമുറകളുമായി കൂട്ടായ്മ രംഗത്ത് എത്തി. സമരവും പ്രതിഷേധവും നാട്ടിൽ ചർച്ചകളായി. വിവാണ്ട് ബൈപ്പാസ് പ്രവർത്തർക്ക് വിവിധയിടിങ്ങളിൽനിന്ന് ഭീഷണിയും സമ്മർദങ്ങളും നേരിടേണ്ടിവന്നു. എന്നിട്ടും അവർ പിൻവാങ്ങിയില്ല. പലപ്രമുഖരെയും സമരത്തിനു ആവേശം പകരാൻ അവർ ആലപ്പുഴയിൽ എത്തിച്ചു. അത് ഫലത്തിൽ വന്നു. സമരം സർക്കാരിൽ സമ്മർദമുണ്ടാക്കി. തങ്ങൾ നടത്തിയ പ്രവർത്തനങ്ങളും മുടങ്ങിയകാരണങ്ങളും വിശദീകരിക്കാൻ അധികാരികൾക്ക് മുന്നോട്ടു വരേണ്ടിവന്നു.