ആലപ്പുഴ : കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഇന്റർനെറ്റിൽ തിരയുന്നവരെയും കൈമാറ്റം ചെയ്യുന്നവരെയും കണ്ടെത്താനായി ജില്ലാ പോലീസ് ഓപ്പറേഷൻ പി-ഹണ്ട് എന്ന് പേരിൽ നടത്തിയ റെയ്ഡിൽ മൂന്നുകേസുകൾ രജിസ്റ്റർ ചെയ്തു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം 35 സ്ഥലങ്ങളിൽ ഞായറാഴ്ചയായിരുന്നു റെയ്ഡ്. 16 സ്മാർട്ട് ഫോണുകൾ, ഹാർഡ് ഡിസ്ക്, ലാപ്ടോപ്പ് എന്നിവ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പിടിച്ചെടുത്തു.

കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും കൈമാറ്റം നടത്തിയെന്നു സംശയിക്കുന്ന ഉപകരണങ്ങളാണിവ. ഇവയിൽപലതിലും അഞ്ചിനും 16-നും ഇടയിലുള്ള തദ്ദേശീയരായ കുട്ടികളുടെ ദൃശ്യങ്ങളാണുള്ളതെന്നു സംശയിക്കുന്നു. ഈ ഉപകരണങ്ങൾ വിദഗ്ധ പരിശോധനയ്‌ക്ക് അയക്കും. ശരിയാണന്നു തെളിഞ്ഞാൽ കുറ്റക്കാർക്കെതിരേ മറ്റു നിയമനടപടികൾ സ്വീകരിക്കും.

പിടിയിലായവർക്കെതിരേ പോക്സോ നിയമപ്രകാരമാണു നടപടി സ്വീകരിക്കുന്നത്. സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.കെ. രാജേഷ് റെയ്ഡിനു നേതൃത്വം നൽകി.