ഹരിപ്പാട് : രജിസ്‌ട്രേഷൻ നമ്പരില്ലാത്ത വാഹനങ്ങൾ നിരത്തിലിറക്കാൻ അനുവാദമില്ലെങ്കിലും സ്ത്രീകളെ ആക്രമിക്കുകയും മാലപൊട്ടിക്കുകയും ചെയ്യുന്ന ഇരുവർ സംഘത്തിന്റെ യാത്രയ്ക്കു തടസ്സമില്ല. തൃക്കുന്നപ്പുഴയിൽ ആരോഗ്യപ്രവർത്തകയെ ആക്രമിച്ചു തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതും അമ്പലപ്പുഴയിലും കോട്ടയത്തും യാത്രക്കാരികളുടെ സ്വർണമാല പൊട്ടിച്ചതും ഒരേ സംഘമാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ദേശീയപാതയിലൂടെയും എം.സി. റോഡിലൂടെയും ഈ പ്രതികൾ രജിസ്റ്റർ നമ്പരില്ലാത്ത ബൈക്കുകളിൽ യാത്രചെയ്യുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.

തൃക്കുന്നപ്പുഴയ്‌ക്കൊപ്പം തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലം, കൊല്ലത്തെ ചവറ, ആലപ്പുഴയിലെ തങ്കിക്കവല, കോട്ടയം നഗരം എന്നിവിടങ്ങളിലായാണ് ഒരാഴ്ചയ്ക്കിടെ ആഡംബര ബൈക്കിൽ യാത്രചെയ്തവർ ആക്രമണം നടത്തിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ പ്രധാനറോഡുകളിലൂടെ ഒരാഴ്ചയ്ക്കുള്ളിൽ പലപ്രാവശ്യം ഈ അക്രമികൾ യാത്രചെയ്‌തെന്നാണു വിവിധകേന്ദ്രങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്നു തിരിച്ചറിഞ്ഞിരിക്കുന്നത്. എല്ലായിടത്തും നമ്പർപ്ലേറ്റില്ലാത്ത ആഡംബര ബൈക്കുകളാണു പ്രതികൾ ഉപയോഗിച്ചിരിക്കുന്നത്.

അഞ്ചുജില്ലകളിലായി നൂറുകണക്കിനു കിലോമീറ്ററുകളാണ് ഇവർ ബൈക്കിൽ പാഞ്ഞിരിക്കുന്നത്. എന്നാൽ, ഒരിടത്തുപോലും രജിസ്റ്റർ നമ്പരില്ലാത്ത ബൈക്ക് പോലീസോ മോട്ടോർവാഹനവകുപ്പോ തടഞ്ഞുനിർത്തിയതായി അറിവില്ല. ഹെൽമെറ്റില്ലാത്തതിന്റെ പേരിൽ ഇരുചക്രവാഹനയാത്രക്കാരെ ആക്രമിക്കുകയും പിഴചുമത്തുകയും ചെയ്യാറുള്ള പോലീസ് ഉദ്യോഗസ്ഥരുടെ കൺമുന്നിലൂടെയാണു പ്രതികൾ പകൽപോലും യാത്രചെയ്യുന്നത്. പുതിയ നിയമപ്രകാരം വാഹനങ്ങൾ വിൽപ്പനകേന്ദ്രങ്ങളിൽ വച്ചുതന്നെ രജിസ്റ്റർചെയ്ത് നമ്പർ എഴുതി മാത്രമേ നിരത്തിലിറക്കാൻ പാടുള്ളു. എന്നാൽ, സ്ത്രീകളെ ആക്രമിക്കുന്ന കൊടും കുറ്റവാളികൾക്ക് ഇതൊന്നും ബാധകമാകുന്നില്ല.

തിരിച്ചറിയാതിരിക്കാൻ ഹെൽമെറ്റും മുഖാവരണവും

: അക്രമികളിൽ ബൈക്ക് ഓടിക്കുന്ന ആൾ മുഖം പൂർണമായും മറയ്ക്കുന്ന രീതിയിലെ വലിയ ഹെൽമെറ്റാണു ധരിച്ചിരിക്കുന്നത്. പിന്നിലിരിക്കുന്നയാൾ നീലനിറത്തിലെ തോൾ ബാഗിട്ടിരിക്കുന്നതായി കോട്ടയത്തുനിന്നു ലഭിച്ച സി.സി.ടി.വി. ദൃശ്യങ്ങളിലുണ്ട്. ഒപ്പം മുഖം നന്നായി മൂടുന്ന മുഖാവരണവും. ഇയാൾ മങ്കിക്യാപ്പ് ധരിച്ചിരിക്കുന്നതായാണ് തൃക്കുന്നപ്പുഴയിൽ ആക്രമണത്തിനിരയായ ആരോഗ്യപ്രവർത്തക പോലീസിനു മൊഴി നൽകിയിരിക്കുന്നത്. എന്നാൽ, ഇതു മങ്കിക്യാപ്പല്ലെന്നും വീതികൂടിയ മുഖാവരണമാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.

ആരോഗ്യപ്രവർത്തകയെ ആക്രമിച്ചപ്പോഴും അമ്പലപ്പുഴ, ചവറ, കല്ലമ്പലം എന്നിവിടങ്ങളിൽ സ്ത്രീകളെ ഉപദ്രവിച്ചപ്പോഴുമെല്ലാം യമഹയുടെ എം.ടി. 15 ബൈക്കാണു പ്രതികൾ ഉപയോഗിച്ചിരുന്നതെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്. ഒന്നരലക്ഷം രൂപയോളം വിലവരുന്ന ബൈക്കാണിത്. ഇതിന്റെ ഉടമയെ കണ്ടെത്താനുള്ള ശ്രമം നടക്കുന്നു. ശനിയാഴ്ച കോട്ടയം നഗരത്തിൽ പട്ടാപ്പകൽ മാല പൊട്ടിച്ചപ്പോൾ മറ്റൊരുബൈക്കിലായിരുന്നു സഞ്ചാരം. ഇതു കൊല്ലത്തുനിന്നു മോഷ്ടിച്ച ബൈക്കാണെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

 പ്രതികൾ രജിസ്റ്റർ നമ്പരില്ലാത്ത ബൈക്കുകളിൽ യാത്രചെയ്യുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ

ഓടിച്ചുനോക്കാൻ വാങ്ങി ബൈക്ക് തട്ടിയെടുത്തെന്ന്്

:കൊല്ലം ബീച്ചിലെ കച്ചവടക്കാരനിൽനിന്നു ഓടിച്ചുനോക്കാനെന്ന പേരിൽ വാങ്ങിയ ബൈക്കുമായി കഴിഞ്ഞദിവസം രാവിലെയാണു രണ്ടുപേർ സ്ഥലംവിട്ടത്. മണിക്കൂറുകൾക്കകമാണു കോട്ടയത്ത് ഇതേ ബൈക്കിൽ വന്നവർ യുവതിയുടെ മാല പൊട്ടിച്ചെടുത്തത്. ഇതിനിടെ ബൈക്കുടമ കൊല്ലം പോലീസ് സ്‌റ്റേഷനിൽ പരാതിയുമായെത്തിയിരുന്നു. പോലീസ് സംഘം ഇയാളെ ചോദ്യം ചെയ്തിട്ടുണ്ട്. ബൈക്ക് ഓടിച്ചു നോക്കാൻ വന്നവരെ അറിയില്ലെന്നും തന്റേതുപോലുള്ള ബൈക്ക് വാങ്ങാനാണെന്നു പറഞ്ഞാണ് ബൈക്ക് വാങ്ങിയതെന്നുമാണ് ഇയാളുടെ മൊഴി.