ചേർത്തല : സഹായമില്ലാതെ വാടക വീട്ടിലെ ശൗചാലയത്തിൽ കഴിഞ്ഞിരുന്ന യുവാവിനെ മന്ത്രി പി. പ്രസാദ് ഇടപെട്ടു പത്തനാപുരം ഗാന്ധിഭവനിലേക്കു മാറ്റി.

ചേർത്തല നഗരസഭ 30-ാം വാർഡ് മരോട്ടിക്കൽ ശ്യാം (33) ആണ് ദയനീയ അവസ്ഥയിൽ കഴിഞ്ഞിരുന്നത്. അമ്മയും സഹോദരിയും മാത്രമാണിയാൾക്കുണ്ടായിരുന്നത്.

സഹോദരിയുടെ വിവാഹം കഴിഞ്ഞതോടെ അമ്മയെ സഹോദരിയുടെ വീട്ടിലേക്കു കൊണ്ടുപോയി. വിവാഹത്തിനായി സ്വന്തം വീടു വിറ്റതോടെയാണു വാടക വീട്ടിലായത്.

ഡ്രൈവറായിരുന്ന ശ്യാമിന് എറണാകുളത്തു വച്ചുണ്ടായ അപകടത്തെ തുടർന്നു കാലുകളും വാരിയെല്ലുകളും ഒടിഞ്ഞു. പ്ലാസ്റ്റർ ഇട്ടശേഷം സുഹൃത്തുക്കളാണു കഴിഞ്ഞ 20-ന് വീട്ടിലെത്തിച്ചത്. പരസഹായം ആവശ്യമായതിനാൽ ശൗചാലയത്തിലാണ്‌ ഇയാൾ കിടന്നിരുന്നത്.

പ്രദേശവാസികൾ മന്ത്രി പി. പ്രസാദിനെ അറിയിക്കുകയും അദ്ദേഹം പത്തനാപുരം ഗാന്ധിഭവനുമായി ബന്ധപ്പെടുകയുമായിരുന്നു. ഞായറാഴ്ച രാത്രി ഗാന്ധിഭവൻ സ്നേഹവീട് ഡയറക്ടർ മുഹമ്മദ് ഷമീറിന്റെ നേതൃത്വത്തിലുള്ള സന്നദ്ധപ്രവർത്തകർ എത്തിയാണ് ഏറ്റെടുത്തത്. ഗാന്ധിഭവനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.