ആലപ്പുഴ : എല്ലാ സൗകര്യവുമുണ്ടായിട്ടും ജില്ലയിലെ മെഡിക്കൽഷോപ്പുകൾക്ക് ലൈസൻസ് വാങ്ങാൻ എറണാകുളത്തുപോകണം. ജില്ലയിലെ 1600-ഓളം മെഡിക്കൽ ഷോപ്പുകളും പുതുതായെത്തുന്ന അപേക്ഷകരും ദുരിതമനുഭവിക്കാൻ തുടങ്ങിയിട്ടു വർഷങ്ങളായി.

ആലപ്പുഴയിൽ കെ.എസ്.ആർ.ടി.സി.ബസ്‌സ്റ്റാൻഡിനുസമീപം ഡ്രഗ്സ് കൺട്രോളറുടെ ഓഫീസുണ്ട്. മൂന്ന് ഡ്രഗ് ഇൻസ്പെക്ടറും മൂന്നുക്ലാർക്കുമാരും ടൈപ്പിസ്റ്റും ഉൾപ്പെടെയുള്ള ജീവനക്കാരുമുണ്ട്. എന്നാൽ, ലൈസൻസ് അനുവദിക്കുന്ന അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളറുടെ തസ്തികമാത്രമില്ല.

ലൈസൻസ് നൽകുന്ന ഓഫീസായി നിശ്ചയിച്ചാൽ ഏതെങ്കിലും സീനിയറായ ഡ്രഗ് ഇൻസ്പെക്ടർക്ക് അസിസ്റ്റന്റ് ഡ്രഗ് കൺട്രോളറുടെ പദവി നൽകിയാൽ മതിയാകും. മെഡിക്കൽ ഷോപ്പുതുടങ്ങുന്നതിനു അപേക്ഷ നൽകുന്നത് ആലപ്പുഴയിലാണ്. പരിശോധന നടത്തി എറണാകുളത്തേക്ക് റിപ്പോർട്ട് നൽകും. എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അപേക്ഷകൻ എറണാകുളത്തേക്ക് ചെല്ലണം.

ഒരു തൊഴിൽ സംരംഭമെന്ന നിലയിൽ എല്ലാം ഒരുക്കിയിട്ടും ലൈസൻസിനായി നാളുകൾ കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്. സർക്കാരിനു പ്രത്യേകിച്ച് ബാധ്യതയില്ലാതെതന്നെ ലൈസൻസ് നൽകാനുള്ള സൗകര്യം ആലപ്പുഴയിൽ ഒരുക്കാമെന്നിരിക്കെ അതുണ്ടാവുന്നില്ലെന്നാണ് ആക്ഷേപം.

1500-ൽ താഴെമാത്രം മെഡിക്കൽ സ്റ്റോറുകളുള്ള കോട്ടയം ഉൾപ്പെടെയുള്ള ജില്ലകളിൽ ലൈസൻസ് നൽകാനുള്ള സൗകര്യമുണ്ട്. ആലപ്പുഴയിൽ മെഡിക്കൽ ഷോപ്പുകളുടെ എണ്ണം 1600 കഴിഞ്ഞു. ജൻഔഷധി ഷോപ്പുകൾ ഏറ്റവുംകൂടുതൽ വരുന്നതും ആലപ്പുഴയിലാണ്.