ആലപ്പുഴ : വിനോസഞ്ചാരത്തിന്റെ മുഖ്യസീസണായ ഡിസംബർ പടിവാതിക്കലെത്തിയിട്ടും മേഖലയിൽ കാര്യമായ അനക്കമില്ല. കേരളത്തിനകത്തുനിന്നുള്ള സഞ്ചാരികളാണു പുരവഞ്ചിസഞ്ചാരവും മറ്റു കാഴ്ചകളും തേടിയെത്തുന്നത്. ആലപ്പുഴയിലെ കാഴ്ചകൾതേടിയെത്തുന്ന സഞ്ചാരികൾ ഏറെയുള്ള ഇതരസംസ്ഥാനങ്ങളിൽ മഴയും വെള്ളപ്പൊക്കവും ബാധിച്ചതാണു കാരണം. ഡിസംബറിലും ഇവരെത്താനുള്ള സാധ്യത കുറവാണ്. ബുക്കിങ് കാര്യമായില്ലെന്നു പുരവഞ്ചി ഉടമകൾ പറയുന്നു. തുടർച്ചയായുള്ള മഴയും വിനോദസഞ്ചാരമേഖലയെ ബാധിച്ചു.

ടൂറിസംമേഖല പച്ചപിടിക്കണമെങ്കിൽ ഡിസംബറിൽത്തന്നെ നെഹ്രുട്രോഫി വള്ളംകളി നടത്തേണ്ടിവരും. വിദേശസഞ്ചാരികളെ ഉൾപ്പെടെ കേരളത്തിലേക്കെത്തിക്കാൻ ഇതേ മാർഗമുള്ളൂവെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. കോവിഡിനുശേഷം ഒന്നോരണ്ടോ വിദേശസഞ്ചാരികൾ മാത്രമേ ആലപ്പുഴയിൽ എത്തിയിട്ടുള്ളൂ. നെഹ്രുട്രോഫി നടത്തണമെന്നആവശ്യം ഉയരുമ്പോഴും വള്ളംകളി നടത്തിപ്പ് അനിശ്ചിതമായി തുടരുകയാണ്. ഉന്നതാധികാരസമിതിയുടെ അനുമതി ലഭിക്കാത്തതാണു കാരണം.