മാവേലിക്കര : പന്തളം റോഡും ശബരിമല റോഡും കൂടിച്ചേരുന്ന കരയംവട്ടം കവല നിരന്തര അപകടമേഖലയാകുന്നു. കരയംവട്ടം കവലയിൽ ചെറുതോ വലുതോ ആയ അപകടങ്ങൾ നടക്കാത്ത ദിവസമില്ലെന്നു സമീപത്തെ വ്യാപാരികളും ഓട്ടോറിക്ഷാ ഡ്രൈവർമാരും പറയുന്നു. ആവശ്യമായ സൂചനാബോർഡുകളോ ഗതാഗത നിയന്ത്രണ സംവിധാനങ്ങളോ ഇല്ലാത്തത് അപകടങ്ങളുടെ എണ്ണം ഉയരാൻ കാരണമാകുന്നു.

വഴുവാടിക്കടവ് പാലം തുറന്നതോടെ പെരിങ്ങിലിപ്പുറം, ഉളുന്തി ഭാഗങ്ങളിലേക്കുള്ള എളുപ്പവഴിയായി കരയംവട്ടത്തുനിന്നു വടക്കോട്ടുള്ള റോഡ് മാറിയിട്ടുണ്ട്. തോനയ്ക്കാട് വഴി ചെങ്ങന്നൂർ ഭാഗത്തേക്കു പോകാനും ഒട്ടേറെപ്പേർ കരയംവട്ടം കവലയെ ആശ്രയിക്കുന്നു.

കവലയിലെ കൊടുംവളവിൽ എതിരേ വരുന്ന വാഹനങ്ങൾ കാണാനാകാത്തത് അപകടസാധ്യത കൂട്ടുന്നു. കിഴക്കുനിന്നുവന്ന് വടക്കോട്ടു തിരിയുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് പടിഞ്ഞാറുനിന്നു വളവുതിരിഞ്ഞു വരുന്ന വാഹനങ്ങളെ തൊട്ടടുത്തെത്തുമ്പോൾ മാത്രമാണ് കാണാനാകുന്നത്.

തട്ടാരമ്പലം-പന്തളം റോഡ് നവീകരണം നടക്കുന്നതിനാൽ ഗതാഗതനിയന്ത്രണത്തിന്റെ ഭാഗമായി കരയംവട്ടം കവലയിൽ വീപ്പകൾ വെച്ചിരുക്കുന്നത് അശാസ്ത്രീയമായിട്ടാണെന്നും ഡ്രൈവർമാർ പറയുന്നു.

റോഡിലെ വളവിൽ വെച്ചിരിക്കുന്ന വീപ്പകൾ വളവുതിരിഞ്ഞെത്തുമ്പോൾ മാത്രമാണ് കാണാനാവുക. വീപ്പയിൽ ഇടിക്കാതിരിക്കാനായി വെട്ടിക്കുമ്പോൾ ഇരുചക്രവാഹനങ്ങൾ നിയന്ത്രണം തെറ്റി മറിയുന്നതും പതിവാണ്.

കരയംവട്ടത്ത് സ്ഥാപിച്ചിട്ടുള്ള ഉയരവിളക്ക് ഇടയ്ക്കു മാത്രമാണ് പ്രകാശിക്കുന്നത്. വൈദ്യുതി നിലച്ചാൽ അണയുന്ന വിളക്ക് വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചാലും പ്രകാശിക്കാറില്ലെന്നു നാട്ടുകാർ പറയുന്നു. കവല ഇരുട്ടിലായിരുന്ന വേളയിൽ സൈക്കിളിൽപ്പോയ ഇതരസംസ്ഥാന തൊഴിലാളികളെ ഇരുചക്രവാഹനം ഇടിച്ചുതെറിപ്പിച്ചത് രണ്ടാഴ്ച മുൻപാണ്. വ്യാഴാഴ്ചയും കാറും സ്കൂട്ടറും കൂട്ടിയിടിച്ച് കരയംവട്ടത്ത് അപകടമുണ്ടായി.

കരയംവട്ടം കവലയിൽ ഗതാഗതനിയന്ത്രണ സംവിധാനങ്ങളും സിഗ്നൽവിളക്കും ഏർപ്പെടുത്തണമെന്നതു വർഷങ്ങളായുളള ആവശ്യമാണ്. കെ.ആർ. മുരളീധരൻ നഗരസഭാ ചെയർമാനായിരിക്കെ കരയംവട്ടത്ത് സിഗ്നൽ വിളക്ക് സ്ഥാപിക്കാൻ നഗരസഭാകൗൺസിൽ തീരുമാനമെടുത്തെങ്കിലും നടപടിയായില്ല.