ചെങ്ങന്നൂർ : ‘കഴിഞ്ഞവർഷം ഇതേസമയം സാംസ്‌കാരികവകുപ്പ് സംഘടിപ്പിച്ച പരിപാടിക്ക് ചുവടുവെച്ചതാണ്. പിന്നീട്, ഇതേവരെ പടയണി അവതരിപ്പിക്കാൻ പറ്റിയിട്ടില്ല.’ ഇടനാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങളുടെ ഭാഗമായി ചുവരെഴുതുന്നതിനിടെ പടയണി കലാകാരൻ സുരേഷ് ഇടനാട് പറഞ്ഞു. കോവിഡ്‌വ്യാപനം രൂക്ഷമായതോടെ ലോക്ഡൗൺ പ്രഖ്യാപിച്ചസമയം ക്ഷേത്രങ്ങളിലെ ഉത്സവങ്ങളുടെ കാലമായിരുന്നു. ഉത്സവങ്ങളും നാമമാത്രമായ ചടങ്ങുകൾ മാത്രമായപ്പോൾ കലാകാരൻമാർക്കെല്ലാം തൊഴിൽനഷ്ടപ്പെട്ടിരുന്നു.
ഇടനാട്ടിൽ ചുവരെഴുതുന്നത് സുരേഷും മറ്റൊരു പടയണികലാകാരനായ സത്യൻ ഓതറയും ചേർന്നാണ്. മധ്യതിരുവിതാംകൂറിൽ ക്ഷേത്രങ്ങളിൽനടക്കുന്ന പ്രധാനപ്പെട്ട അനുഷ്ഠാനകലാരൂപമാണ് പടയണി. കുഭം, മീനം മാസങ്ങളിലാണ് സാധാരണയായി ക്ഷേത്രങ്ങളിൽ പടയണി നടക്കുന്നത്. 12 ദിവസത്തോളം പടയണിച്ചടങ്ങുകൾ നീണ്ടുനിൽക്കും. പടയണിക്ക് പലതരത്തിലുള്ള കോലങ്ങളാണ് കെട്ടിത്തുള്ളുന്നത്. കമുകിൻപാള കലാഭംഗിയോടെ മുറിച്ച് നിശ്ചിത ആകൃതിയിൽ ചെത്തിയെടുത്ത് പച്ച ഈർക്കിൽകൊണ്ട് കൂട്ടിയോജിപ്പിച്ചാണ് കോലം തയ്യാറാക്കുന്നത്.
ഇത് ഭംഗിയോടെ മുറിച്ചെടുത്ത കുരുത്തോലയുംകൊണ്ട് അലങ്കരിച്ച് ചെങ്കല്ല്, കരി, മഞ്ഞൾ തുടങ്ങിയ പ്രകൃതിദത്തനിറങ്ങൾകൊണ്ട് ചായക്കൂട്ടുകൾ ഉണ്ടാക്കും. അവയാണ് കമുകിൻപാളയിൽ എഴുതുന്നത്. പ്രത്യേകം പരിശീലനം നേടിയവർക്കു മാത്രമേ സാധിക്കൂ.
പാരമ്പര്യമായിട്ടാണ് ഈ വിദ്യ കൂടുതലും കൈമാറി വരുന്നത്. കാലൻകോലം, ഭൈരവിക്കോലം എന്നിവയ്ക്ക് അമ്പത്തൊന്നും, നൂറ്റൊന്നും പാളവരെ ഉപയോഗിക്കുന്നു. പടയണി ഇല്ലാതായതോടെ ധാരാളം കലാകാരൻമാർക്ക് തൊഴിൽ നഷ്ടപ്പെട്ടു. തിരഞ്ഞെടുപ്പുകാലത്ത് തങ്ങളുടെ കലാപരമായ കഴിവ് പ്രയോജനപ്പെടുത്തുന്ന നിരവധി കലാകാരൻമാർ പ്രദേശത്തുണ്ട്.