ചെങ്ങന്നൂർ : ചെങ്ങന്നൂർ നഗരസഭ 16-ാം വാർഡിലെ യു.ഡി.എഫ്.സ്ഥാനാർഥി ആർ. ബിജുവിന്റെ പത്രിക തള്ളിയ വരണാധികാരിയുടെ നടപടിക്കെതിരേ കോൺഗ്രസ് നിയമപോരാട്ടത്തിനൊരുങ്ങുന്നു. വരണാധികാരിയായ ആർ.ഡി.ഒ. ജി. ഉഷാകുമാരിയാണ് സൂക്ഷ്മപരിശോധനയ്ക്കുശേഷം പത്രിക തള്ളിയത്. ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂലമായ സമീപനം കോടതിയുടെ ഭാഗത്തുനിന്നുണ്ടായില്ല.
തിരഞ്ഞെടുപ്പു നടപടികൾ തുടങ്ങിയതിനാൽ വിഷയത്തിൽ സാധാരണ കോടതി ഇടപെടാറില്ലെന്ന് നിയമവിദഗ്ധർ പറയുന്നു. തിരഞ്ഞെടുപ്പുപ്രക്രിയ പൂർത്തിയായശേഷം തിരഞ്ഞെടുപ്പ് ഹർജി നൽകി വിഷയത്തിന് പരിഹാരംകാണാനാണ് സാധാരണ കോടതി നിർദേശിക്കുക.ബിജുവിന് ക്രിമിനൽ കേസിൽ രണ്ടുവർഷം തടവുശിക്ഷ ലഭിച്ചിരുന്നു. ഈ വിധിക്കുമേൽ കോടതിയിൽ സ്റ്റേ വാങ്ങാത്തതിനെത്തുടർന്ന് വെള്ളിയാഴ്ച നടന്ന സൂക്ഷ്മപരിശോധനയ്ക്കുശേഷം പത്രിക മാറ്റിവെച്ചിരുന്നു. പിന്നീടുനടന്ന വിശദമായ പരിശോധനയെത്തുടർന്നാണ് പത്രിക തള്ളിയത്. ചെങ്ങന്നൂർ മുനിസിപ്പാലിറ്റി വെസ്റ്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റുകൂടിയാണ് ബിജു. 2010-2015 കാലയളവിൽ ഇദ്ദേഹം ഈ വാർഡിൽനിന്നുതന്നെ മത്സരിച്ചു ജയിച്ചിരുന്നു. കാലങ്ങളായി കോൺഗ്രസ് ജയിച്ചിരുന്ന സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥിയുടെ പത്രിക തള്ളിയത് ചില രാഷ്ട്രീയ ഇടപെടലുകൾകൊണ്ടാണെന്നാണ് നേതാക്കൾ കരുതുന്നത്.
ബിജുവിന്റെ പത്രിക വരണാധികാരി തള്ളിയത് ചിലരുടെ ദുഃസ്വാധീനത്തിനു വഴങ്ങിയാണെന്ന് കെ.പി.സി.സി. സെക്രട്ടറി അഡ്വ. എബി കുര്യാക്കോസ് ആരോപിച്ചു. നാമനിർദേശപത്രികയുടെ സൂക്ഷ്മപരിശോധന കഴിഞ്ഞ് അടുത്തദിവസം രാവിലെ പതിനൊന്നുമണിക്കു മുൻപ് തീരുമാനം പ്രത്യേകമായി അറിയിക്കണം എന്നാണ് ചട്ടം.
അല്ലെങ്കിൽ പത്രിക സ്വീകരിച്ചു എന്നതാണ് കീഴ്‌വഴക്കം. എന്നാൽ, അടുത്തദിവസം വൈകീട്ടാണ് പത്രിക തള്ളി എന്ന വിവരം സ്ഥാനാർഥി ബിജുവിനെ അറിയിക്കുന്നതെന്നാണ് ആക്ഷേപം.