ആലപ്പുഴ : തിരഞ്ഞെടുപ്പുകാലത്ത് മത്സരിക്കാൻ വേണ്ടുന്നത് ചങ്കുറപ്പിന്റെ പിൻബലമാണെന്നാണ് എസ്.എൻ.ഡി.പി. യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശനു പറയാനുള്ളത്. ആദ്യമായും അവസാനമായും പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയതിന്റെ ഓർമകൾ അദ്ദേഹത്തിനു ജീവിതത്തിൽ കൂടുതൽ കരുത്തേകുന്നതാണ്.
‘1963 ലായിരുന്നു രാഷ്ട്രീയം മുൻനിർത്തിയുള്ള ആദ്യത്തെതും അവസാനത്തെതുമായ പഞ്ചായത്ത് തിരഞ്ഞെടുപ്പു മത്സരം. മാരാരിക്കുളംവടക്ക് ഗ്രാമപ്പഞ്ചായത്തിൽ ഏഴാംവാർഡിൽ അവിഭക്ത കമ്യൂണിസ്റ്റുപാർട്ടി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനിച്ചു. അച്ഛൻ വെള്ളാപ്പള്ളി കൃഷ്ണൻ കേശവനും കുടുംബവും കോൺഗ്രസ് അനുഭാവികളായിരുന്നു. സ്ഥലത്തെ പ്രധാന സമ്പന്നകുടുംബത്തിൽപ്പെട്ടയാളായിരുന്ന കുഞ്ഞുക്കുട്ടനായിരുന്നു കോൺഗ്രസ് സ്ഥാനാർഥി.
പഠനകാലത്ത് കോൺഗ്രസിനൊപ്പമായിരുന്നെങ്കിലും പിന്നീട് എന്റെ നിലപാടുകളിൽ ഒപ്പംനിന്നത് ഇടതുപക്ഷമായിരുന്നതിനാൽ മാനസികമായി അതിലേക്ക് അടുത്തു. അന്ന് പാർട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയാണ് വി.എസ്. അച്യുതാനന്ദൻ. ജ്യേഷ്ഠതുല്യനായ സുഹൃത്തുകൂടിയായിരുന്നു അദ്ദേഹം. വി.എസും കെ.ആർ. ഗൗരിയമ്മയും സുശീലാ ഗോപാലനും തകഴി ശിവശങ്കരപ്പിള്ളയുമൊക്കെ എനിക്കുവേണ്ടി പ്രചാരണത്തിനെത്തി.
‘പയ്യൻ പഞ്ചായത്തിൽ പോകേണ്ട’ എന്നതായിരുന്നു കോൺഗ്രസിന്റെ അന്നത്തെ പ്രചാരണായുധം. അക്കാലത്ത് എനിക്ക് ഇരുപത്തിനാലോ ഇരുപത്തിയഞ്ചോ വയസ്സേയുള്ളൂ. എതിർസ്ഥാനാർഥി സമ്പന്നകുടുംബത്തിലെ അംഗമായതിനാൽ അദ്ദേഹത്തിനെതിരേ നേർക്കുനേർ നിൽക്കാൻപോലും ആരും ധൈര്യപ്പെടില്ല.
‘കുടം’ ആയിരുന്നു എനിക്കുകിട്ടിയ ചിഹ്നം. വോട്ടുതേടി വീടുകളിൽ കയറാനും ഞങ്ങളെ അനുവദിച്ചില്ല. അന്നു പോലീസുകാർ വയർലെസ് സെറ്റുകളുമായി സ്ഥലത്തു ക്യാമ്പ് ചെയ്യുന്നത് കാണാമായിരുന്നു. അന്ന് വയർലെസ് സെറ്റ് എന്നൊക്കെ പറയുന്നത് വലിയ അദ്‌ഭുതമായിരുന്നു.
ഓരോ വീടിനുമുൻപിലും എതിർസ്ഥാനാർഥിയുടെ ആൾക്കാർ കാവൽനിൽക്കും. ഞങ്ങളവിടെത്തുമ്പോൾ കയറ്റിവിടാതെ തടയും. അവസാനം വീടുകൾക്കു മുൻപിൽച്ചെന്നുനിന്നു മെഗാഫോണിലൂടെ വോട്ടുതേടേണ്ട സ്ഥിതിയായിരുന്നു.
പക്ഷേ, കാര്യമൊന്നുമുണ്ടായില്ല. ‘കുടം’ നല്ല ഭംഗിയായി പൊട്ടി. 16 വോട്ടിനു ഞാൻ തോറ്റു. അത് എന്റെ പൊതുജീവിതത്തിലെ ആദ്യത്തെ തോൽവിയായിരുന്നു. അവസാനത്തെയും. അതിനുശേഷം രാഷ്ട്രീയമത്സരങ്ങൾക്കു മുതിർന്നിട്ടുമില്ല. - വെള്ളാപ്പള്ളി നടേശൻ പറയുന്നു.