മങ്കൊമ്പ് : കുടിവെള്ളവും നടപ്പാതയുമില്ല. വർഷങ്ങളായി ദുരിതമനുഭവിക്കുന്ന പ്രദേശത്തെ ജനങ്ങൾ വോട്ട് ബഹിഷ്‌കരണത്തിനൊരുങ്ങുന്നു. നീലംപേരൂർ പഞ്ചായത്ത് 11-ാം വാർഡ് കിഴക്കേ ചേന്നങ്കരി പ്രദേശത്തെ മുപ്പതോളം വീട്ടുകാരാണ് തിരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ചിങ്ങംകരി കോതകരി പാടശേഖരത്തിന്റെ തെക്കേ ചിറയിലെ താമസക്കാരാണ് വർഷങ്ങളായി ദുരിതമനുഭവിക്കുന്നത്. ആംബുലൻസ് റോഡെങ്കിലും അനുവദിക്കണമെന്ന് വർഷങ്ങളായി നാട്ടുകാർ ആവശ്യപ്പെടുന്നു. എന്നാൽ, സുരക്ഷിതമായ ഒരു നടപ്പാതപോലും നാളിതുവരെ ആയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. യാത്രാസൗകര്യങ്ങളുടെ അഭാവംമൂലം യഥാസമയം ചികിത്സകിട്ടാതെ കഴിഞ്ഞയിടെ രണ്ടുപേർ മരിച്ചിരുന്നു. അവശനിലയിലുള്ള രോഗികളെ ആശുപത്രിയിലെത്തിക്കണമെങ്കിൽ കസേരയിലിരുത്തി പാലംകടന്ന് റോഡിലേക്കെത്തണം.
പ്രദേശത്തെ കുടുംബങ്ങൾ വർഷങ്ങളായി കുടിവെള്ളം വിലയ്ക്കുവാങ്ങുകയാണ്. വാഹനങ്ങൾ കടന്നുവരാത്തതുമൂലം അകലെ തോടിന് മറുകരയുള്ള വീട്ടുമുറ്റങ്ങളിൽ വാഹനമെത്തിച്ച് മീറ്ററുകളോളം കുഴലിട്ട് പമ്പുചെയ്താണ് വീട്ടുകാർ കുടിവെള്ളം വാങ്ങുന്നത്. ഇതിലും അകലെയുള്ള വീട്ടുകാർക്ക് ഇതും അസാധ്യമാണ്. റോഡില്ലാത്തതുമൂലം ഇവിടത്തെ പൊതുശ്മശാനത്തിൽ മൃതദേഹങ്ങൾ സംസ്‌കരിക്കാനാകുന്നില്ലെന്നും നാട്ടുകാർ പറയുന്നു.
നിലവിൽ തോട്ടുതീരത്തുകൂടിയുള്ള നടപ്പാതയ്ക്ക് വീതി തീരെ കുറവാണ്. തോട് ആഴംകൂട്ടുന്നതിനായി കോരിയെടുത്ത ചെളി ഇപ്പോഴും കൽക്കെട്ടിന് സമീപത്തുനിന്ന് നീക്കംചെയ്യാത്തത് കാൽനടയാത്ര ദുഷ്‌കരമാക്കുന്നു. ഈ ദുരിതമത്രയും അറിയാമായിട്ടും കണ്ണുതുറക്കാത്ത ജനപ്രതിനിധികളെ തങ്ങൾക്കുവേണ്ടെന്നാണ് ഇവരുടെ തീരുമാനം. കഴിഞ്ഞദിവസം ചേർന്ന നാട്ടുകാരുടെ യോഗത്തിലാണ് തീരുമാനമെടുത്തത്.