ആലപ്പുഴ : ദേശീയ പണിമുടക്ക് ബാധിക്കില്ല തിരഞ്ഞെടുപ്പ് പ്രചാരണത്തിന്. സ്ഥാനാർഥികളും പ്രവർത്തകരും വ്യാഴാഴ്ച വീടുകയറും കുടുംബയോഗങ്ങളിലും പങ്കെടുക്കും.
കേന്ദ്രസർക്കാർ തൊഴിൽനിയമവും കാർഷികനിയമവും പരിഷ്കരിക്കുന്നതിനെതിരേ നടക്കുന്ന സമരത്തിന് ഇടതുകക്ഷികളും കോൺഗ്രസും പിന്തുണ നല്കുന്നുണ്ട്. അതുകൊണ്ടുതന്നെ കുടുംബയോഗത്തിൽ ആമുഖമായി കേന്ദ്രസർക്കാരിനെതിരേയും പണിമുടക്കിനെക്കുറിച്ചും പറയും. നേതാക്കൾ ഇതിനായി വാഹനത്തിൽത്തന്നെ എത്തുകയും ചെയ്യും.
മുൻദിവസങ്ങളേക്കാൾ കൂടുതൽ സ്ക്വാഡുകൾ എൽ.ഡി.എഫിനുവേണ്ടി പണിമുടക്കുദിവസം രംഗത്തിറങ്ങുമെന്ന് സി.പി.ഐ. ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് പറഞ്ഞു. പണിമുടക്കായതിനാൽ തൊഴിലാളികൾ ഉൾപ്പെടെ എല്ലാവരും വീട്ടിലുള്ള ദിവസമായതിനാലാണ് പ്രവർത്തനം വിപുലപ്പെടുത്തുന്നത്. ഇതിനുപുറമെ തൊഴിലാളികളുടെ നേതൃത്വത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രകടനവും സമ്മേളനവും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
എൻ.ഡി.എ. നേതാക്കൾ ഒരു പടിയുംകൂടി കടന്ന് പണിമുടക്കിനെതിരേയുള്ള പ്രചാരണംകൂടി നടത്തും. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കേരളത്തിൽ നടത്തുന്ന ഒരു പ്രഹസനംമാത്രമാണ് ഈ ദേശീയ പണിമുടക്കെന്നാണ് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ പറയുന്നത്. പ്രവർത്തകർ കൂടുതൽ ഉന്മേഷത്തോടെ വീടുകയറുകയും കൺവെൻഷൻ നടത്തുകയും ചെയ്യുന്ന ദിവസമായി ബുധനാഴ്ചയെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് ജെ. പ്രമീളാദേവി ബുധനാഴ്ച പര്യടനത്തിനെത്തുന്നുമുണ്ട്.
സ്ഥാനാർഥിയും കുടുംബാംഗങ്ങളും മുന്നണി പ്രവർത്തകരും ഏറ്റവും ഉണർന്നുപ്രവർത്തിക്കുന്ന ദിനങ്ങളാണിപ്പോൾ വാർഡുകളിൽ കാണുന്നത്. സമുദായനേതാക്കളെ വീട്ടിൽപ്പോയി പ്രത്യേകം കാണൽ, യുവാക്കളുടെ കൂട്ടായ്മയിൽ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം ഊർജിതമാക്കൽ എന്നിവയെല്ലാം നടന്നുകൊണ്ടിരിക്കുകയാണ്.
ആദ്യഘട്ടത്തിൽ പോസ്റ്ററുകളും ചിഹ്നവും വാർഡുകളുടെ മുക്കിലും മൂലയിലും എത്തിച്ചിരുന്നു. ഇപ്പോൾ ഫ്ലക്സ് വയ്ക്കുന്ന തിരക്കിലാണ്. പ്രധാനവളവുകളിലും കവലകളിലും സ്ഥാനാർഥികൾ ‘നിറയുന്നു’.
വീടുകളിലേക്ക് സർക്കാരിന്റെ നേട്ടങ്ങളുടെ വൻ പട്ടികയുമായാണ് എൽ.ഡി.എഫ്. പ്രവർത്തകരെത്തുന്നത്.
സംസ്ഥാന കേന്ദ്രസർക്കാരുകൾക്കെതിരേ ആഞ്ഞടിക്കുന്ന വിവരണങ്ങളടങ്ങിയതാണ് യു.ഡി.എഫ്. പൊതുനോട്ടീസ്. ഇതിനുപുറമെ സ്ഥാനാർഥികളുടെ അഭ്യർഥനയും വീടുകളിലെത്തിക്കുന്നു.
മോദി സർക്കാരിന്റെ വികസനമുന്നേറ്റം വിവരിക്കുന്ന നോട്ടീസുകളുമായാണ് എൻ.ഡി.എ. പ്രവർത്തകർ വീടുകളിലെത്തുന്നത്.