കായംകുളം: താലൂക്ക്‌ ആശുപത്രിക്കു സമീപത്തെ സാധുപുരം ജൂവലറിയിൽ കവർച്ചനടത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. തമിഴ്‌നാട് കടലൂർ കാടപുലിയൂർ കണ്ണൻ (46), കായംകുളം കൊറ്റുകുളങ്ങര വേരുവള്ളിഭാഗം മാവനാട് കിഴക്കതിൽ നൗഷാദ് (ആടുകിളി നൗഷാദ്-53) എന്നിവരാണ് പോലീസ് പിടിയിലായത്. തമിഴ്‌നാട് പോണ്ടിച്ചേരി സ്വദേശിയായ മറ്റൊരു പ്രതി ഒളിവിലാണ്.

കണ്ണൻ ഒട്ടേറെ മോഷണക്കേസുകളിലും കൊലപാതകക്കേസിലും പ്രതിയാണ്. തിരുവനന്തപുരം പാങ്ങോട് ജൂവലറിയിൽ മോഷണത്തിനിടെ സുരക്ഷാജീവനക്കാരനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ കേസിൽ ഇയാൾ പ്രതിയാണ്. ഈ കേസിൽ കോടതി ജീവപര്യന്തം ശിക്ഷിച്ചിരുന്നു. തിരുവനന്തപുരം സെൻട്രൽ ജയിലിൽനിന്നു പരോളിലിറങ്ങിയശേഷമാണ്‌ മോഷണംനടത്തിയത്.

നൗഷാദും നിരവധി മോഷണക്കേസുകളിലെ പ്രതിയാണ്. ജയിലിൽ വെച്ച് കണ്ണനുമായി പരിചയപ്പെട്ടപ്പോഴാണ് ജൂവലറിമോഷണം ആസൂത്രണംചെയ്യുന്നത്.

മോഷ്ടാക്കൾക്കു സഹായങ്ങൾ ചെയ്തുകൊടുത്തത് നൗഷാദാണ്. കണ്ണനും ഒളിവിലുള്ള പ്രതിയും ചേർന്നാണ് ജൂവലറിക്കുള്ളിൽ കടന്നു കവർച്ചനടത്തിയത്. ഈ മാസം 10-നു രാത്രിയിലായിരുന്നു സംഭവം. കെട്ടിടത്തിന്റെ ഭിത്തിതുരന്നു കയറുകയായിരുന്നു.

പത്തു കിലോഗ്രാം വെള്ളിയും 10 ഗ്രാം സ്വർണവും നാല്പതിനായിരം രൂപയുമാണ് മോഷ്ടിച്ചത്. ജൂവലറിക്കുള്ളിലെ ലോക്കർ ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മോഷ്ടിച്ച സിലിൻഡറുപയോഗിച്ചാണ് ഗ്യാസ് കട്ടർ പ്രവർത്തിപ്പിച്ചത്. കവർച്ചയ്ക്കുശേഷം കാറിൽ രക്ഷപ്പെട്ടു.

സി.സി.ടി.വി.ദ്യശ്യങ്ങൾ പിന്തുടർന്നാണ് പോലീസ് പ്രതികളെ പിടികൂടിയത്. പ്രതികൾ തിരുവനന്തപുരത്തേക്കും പിന്നീട് ആര്യങ്കാവ് വഴി തമിഴ്‌നാട്ടിലേക്കുമാണ് രക്ഷപ്പെട്ടത്. കാറിന്റെ നമ്പർ തിരുത്തി കേരള രജിസ്‌ട്രേഷനാക്കിയായിരുന്നു സഞ്ചാരം.

തമിഴ്‌നാട്ടിൽനിന്നാണ് പോലീസ് കണ്ണനെ പിടികൂടിയത്. നൗഷാദിനെ വീട്ടിൽനിന്നും. ഒളിവിൽ കഴിയുന്ന പ്രതിയെയും ഉടൻ അറസ്റ്റുചെയ്യാൻ കഴിഞ്ഞേക്കുമെന്ന് പോലീസ് പറഞ്ഞു.

കായംകുളം ഡിവൈ.എസ്.പി. അലക്സ് ബേബിയുടെ നേതൃത്വത്തിൽ കായംകുളം പോലീസ് ഇൻസ്പെക്ടർ മുഹമ്മദ് ഷാഫി, കരീലക്കുളങ്ങര പോലീസ് ഇൻസ്പെക്ടർ സുധിലാൽ, ബിനു, ലിമു, നിഷാദ്, സുനിൽ, ഗിരീഷ്, ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.