ആലപ്പുഴ : പിണറായി വിജയൻ മിണ്ടാട്ടമില്ലാത്ത മുഖ്യമന്ത്രിയായി മാറിയെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. യു.ഡി.എഫ്. ജില്ലാ പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിൽവർ ലൈനിനെക്കുറിച്ചു ചോദിച്ചാൽ മിണ്ടില്ല. മുല്ലപ്പെരിയാറിലെ മരംമുറിയെക്കുറിച്ചു ചോദിച്ചാലും മിണ്ടില്ല. അനുപമയുടെ കുഞ്ഞിനെ ആന്ധ്രയിലേക്കു കടത്തിയതിനെക്കുറിച്ചു ചോദിച്ചാലും മുഖ്യമന്ത്രി മിണ്ടില്ലെന്നു വി.ഡി. സതീശൻ കുറ്റപ്പെടുത്തി.

കേരളത്തിൽ യു.ഡി.എഫുള്ള കാലത്തോളം സിൽവർ ലൈൻ നടപ്പാക്കില്ല. അനുപമയുടെ കുഞ്ഞിനെക്കൊടുക്കാൻ തീരുമാനിച്ചത് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണെന്നാണ് സി.പി.എം. നേതാവ് ആനാവൂർ നാഗപ്പൻ പറഞ്ഞത്.

പാർട്ടിയാണിപ്പോൾ പോലീസ്. ഏതു സർവകലാശാലകളിൽ നിയമനം നടത്തിയാലും ഡി.വൈ.എഫ്.ഐ. നേതാക്കളുടെ ഭാര്യമാർ ഒന്നാം റാങ്ക് നേടുമെന്നും വി.ഡി. സതീശൻ ആരോപിച്ചു.

ഇന്ധനവില വർധനയ്ക്കെതിരേ അഞ്ചു ഹർത്താൽ നടത്തിയ എൽ.ഡി.എഫ്. പെട്രോളിന് 112 രൂപയായിട്ടും മിണ്ടുന്നില്ല. മോദി സർക്കാർ ഏകപക്ഷീയമായാണു വിലവർധിപ്പിച്ചതെന്നും വി.‍‍ഡി. സതീശൻ പറഞ്ഞു.

യു.ഡി.എഫ്. ജില്ലാ ചെയർമാൻ സി.കെ. ഷാജിമോഹൻ അധ്യക്ഷനായി. രമേശ് ചെന്നിത്തല എം.എൽ.എ., എൻ.കെ. പ്രേമചന്ദ്രൻ എം.പി., അനൂപ് ജേക്കബ് എം.എൽ.എ., എ.എൻ. രാജൻ ബാബു, ബി. ബാബു പ്രസാദ്, എം. ലിജു, ബി. രാജശേഖരൻ, എം.എം. ഹസൻ, ഷിബു ബീരാൻ എന്നിവർ പ്രസംഗിച്ചു.