ചെങ്ങന്നൂർ : ഇടവേളയ്ക്കുശേഷം ചെങ്ങന്നൂരിലെ ഗ്രാമീണ മേഖലകളിൽ കാട്ടുപന്നിഭീതിയുയരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തിരുവൻവണ്ടൂർ, മുളക്കുഴ പഞ്ചായത്തുകളിലാണു കാട്ടുപന്നിയുടെ ആക്രമണവും സാന്നിധ്യവുമുണ്ടായത്. മുളക്കുഴ കാരയ്ക്കാട് ആടിനെ തീറ്റുന്നതിനിടെ അമ്മയ്ക്കും മകൾക്കും പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു.

രണ്ടുമാസം മുൻപു മുളക്കുഴയിലെ മൂന്ന്‌ വാർഡുകളിൽ വ്യാപകമായി പന്നികൾ കൃഷി നശിപ്പിക്കുകയും വയോധികയെ അടക്കം ആക്രമിക്കുകയും ചെയ്തിരുന്നു.

തിരുവൻവണ്ടൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ വീടിന്റെ പിൻവശത്തെ മതിൽ പന്നികൾ തകർത്തു. നിലവിൽ പ്രദേശത്ത് കാട്ടുപന്നി ഭീഷണി നിലനിൽക്കുന്നതായി നാട്ടുകാർ പറയുന്നു. പുരയിടങ്ങളിൽ ഇവയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. സംശയം തോന്നി പടമെടുത്ത് വനം വകുപ്പിനു അയച്ചുകൊടുത്തപ്പോഴും പന്നിയാണെന്ന മറുപടിയാണു ലഭിച്ചത്.

പന്നി കുട്ടികളുമായി സഞ്ചരിക്കുന്ന കുടുംബത്തെ കണ്ടതായും പ്രദേശത്തെ വീട്ടുകാർ അവകാശപ്പെടുന്നു. വരട്ടാറിനു സമീപമുള്ള ഇഞ്ചക്കാടുകളിലാണ് ഇവ കഴിയുന്നതെന്നാണു സൂചന. ശക്തമായ മഴയ്ക്കുശേഷമാണു വീണ്ടും കാട്ടുപന്നി ശല്യം ഗ്രാമീണ മേഖലയിലേക്കു കടന്നിരിക്കുന്നത്.

കൃഷിക്കും വില്ലൻ

വീടുകളിലെ കൃഷിക്കു പുറമേ കൃഷി മുഖ്യ ഉപജീവനമാർഗമാക്കിയ ചെറുകിട കർഷകരാണു കാട്ടുപന്നിയുടെ ആക്രമണത്തിൽ വെട്ടിലാക്കുന്നത്. മുളക്കുഴ മേഖലയിലടക്കം പാട്ടത്തിനെടുത്ത കൃഷി നടത്തിയവർക്കു വലിയ നഷ്ടമാണു കഴിഞ്ഞ തവണയുണ്ടായത്. ഇത്തവണയും ആക്രമണമുണ്ടായതായി കർഷകർ പറയുന്നു. ഇവയുടെ ആക്രമണം കൂടും മുൻപേ വേണ്ട കരുതൽ നടപടി സ്വീകരിക്കണമെന്നാണു കർഷകർ ആവശ്യപ്പെടുന്നത്.

നട്ടുനനച്ചു വളർത്തിയെടുക്കുന്ന വിളകൾ പാകമെത്തുമ്പോഴേക്കും കാട്ടുപന്നികളെത്തി നശിപ്പിക്കുമെന്നതിനാൽ പലർക്കും കൃഷി ഉപേക്ഷിക്കേണ്ടതായി വരുന്നു. കൃഷിനാശം സംബന്ധിച്ചു സമർപ്പിക്കുന്ന രേഖകളും കൃത്യമല്ലെന്നു പറഞ്ഞു നഷ്ടപരിഹാരം നിഷേധിക്കപ്പെട്ടിട്ടുണ്ട്. ആക്രമണമേൽക്കുന്നവർക്കുള്ള നഷ്ടപരിഹാരം ലഭിക്കുന്നതിലും അവ്യക്തതയുണ്ട്.

വൈദ്യുതിമുടങ്ങും

ചെങ്ങന്നൂർ : മേടപടി, പാലച്ചുവട്, കോടൻചിറ, മുണ്ടൻകാവ്, പുലിയൂർ, ബ്ലോക്ക് പടി, വാഴക്കൂട്ടം എന്നിവിടങ്ങളിൽ വ്യാഴാഴ്ച ഒൻപതുമുതൽ അഞ്ചുവരെ.