ആലപ്പുഴ : നഗരത്തിലെ ഏറ്റവും വലിയ ആഘോഷമായ മുല്ലയ്ക്കൽ ചിറപ്പിനു വഴിയോരവ്യാപാരം ലേലം ചെയ്യുന്നതിനുള്ള അവകാശം വീണ്ടും നഗരസഭയ്ക്ക്.

എട്ടുപതിറ്റാണ്ടായി ചിറപ്പുലേലം ചെയ്തിരുന്നത് ആലപ്പുഴ നഗരസഭയായിരുന്നു. എന്നാൽ, ഏതാനും വർഷങ്ങൾക്കുമുൻപ് ചില വ്യാപാരികൾ നഗരസഭയെ എതിർകക്ഷിയാക്കി ഹൈക്കോടതിയിൽ കേസ് നൽകി. പൊതുമരാമത്തുവകുപ്പിനെ കക്ഷി ചേർക്കുകയും ചെയ്തു. വിധിയുടെ അടിസ്ഥാനത്തിൽ ചിറപ്പുലേല അവകാശം പൊതുമരാമത്തുവകുപ്പിനു ലഭിച്ചിരുന്നു. ഇതേത്തുടർന്നു നഗരസഭയ്ക്കു സാമ്പത്തിക നഷ്ടമുണ്ടായി.

വിഷയത്തിൽ നഗരസഭാധികൃതർ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ നേരിൽക്കണ്ടു കത്ത് നൽകിയിരുന്നു. മന്ത്രിയുടെ നിർദേശപ്രകാരം പൊതുമരാമത്തുവകുപ്പ് അധികൃതർ നഗരസഭയിലെത്തി ചർച്ചനടത്തുകയും ചിറപ്പുലേല അവകാശം നഗരസഭയ്ക്കു തിരികെ നൽകാൻ തീരുമാനമെടുക്കുകയും ചെയ്‌തു.