അമ്പലപ്പുഴ : ആലപ്പുഴ നഗരത്തിലെയും പരിസരത്തെ എട്ടുഗ്രാമപ്പഞ്ചായത്തുകളിലെയും അരലക്ഷം കുടുംബങ്ങളുടെ വെളളംകുടിമുട്ടിച്ച് തകഴിയിൽ ആലപ്പുഴ കുടിവെള്ളപദ്ധതിയുടെ പൈപ്പ് വീണ്ടും പൊട്ടി. അമ്പലപ്പുഴ-തിരുവല്ല റോഡിൽ തകഴി ക്ഷേത്രം ജങ്ഷനിൽ ബുധനാഴ്ച രാത്രി ഏഴോടെയാണ് പൈപ്പുപൊട്ടി കുടിവെള്ളം പുറത്തേക്ക്‌ ശക്തിയായി പ്രവഹിച്ചത്.

പ്രദേശവാസികൾ അറിയിച്ചതിനെത്തുടർന്ന് യൂഡിസ്‌മാറ്റ് അധികൃതർ കടപ്രയിൽനിന്നുള്ള പമ്പിങ് താത്‌കാലികമായി നിർത്തി. ഈമാസം ഇത്‌ രണ്ടാംതവണയാണ് തകഴിയിൽ പൈപ്പുപൊട്ടുന്നത്. ആളുകളെ ഭയപ്പെടുത്തുന്ന രീതിയിലാണ് വെള്ളം പുറത്തേക്കുപ്രവഹിച്ചത്. നിമിഷങ്ങൾക്കകം കുടിവെള്ളം ക്ഷേത്രം റോഡിലേക്കും പടഹാരം റോഡിലേക്കും ഒഴുകിയെത്തി.

സംസ്ഥാനപാതയ്ക്കും തകർച്ചയുണ്ടായി. തകഴി ധർമശാസ്താക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനാൽ ധാരാളം ആളുകളാണ് ഇതുവഴി കാൽനടയായും മറ്റും സഞ്ചരിക്കുന്നത്. സമീപത്തെ കടകളുടെ പരിസരത്തുവരെ വെള്ളമൊഴുകിയെത്തി. ഈമാസം രണ്ടിന് തകഴി വലിയപാലത്തിനുകിഴക്ക് കേളമംഗലം പാലത്തിന്റെ പടിഞ്ഞാറെ അപ്രോച്ച്‌റോഡിലും പൈപ്പുപൊട്ടിയിരുന്നു.

അന്ന് മൂന്നുദിവസത്തിനുശേഷമാണ് ഏഴുമീറ്റർ പൈപ്പ് മാറ്റിസ്ഥാപിച്ച് കുടിവെള്ളവിതരണം പുനഃസ്ഥാപിച്ചത്. കരുമാടി ജലശുദ്ധീകരണശാലയിൽ സംഭരിച്ചിട്ടുള്ള വെള്ളം തീരുന്നതുവരെ ഇവിടെനിന്ന് പമ്പിങ്ങുണ്ടാകും. അതുകഴിഞ്ഞാൽ കുടിവെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടമോടുന്ന സ്ഥിതിയാകും.

കുടിവെള്ളപദ്ധതി കമ്മിഷൻ ചെയ്തതിനുശേഷം ഇതേവരെ തകഴിയിൽ ഒന്നര കിലോമീറ്റർ ഭാഗത്ത് അൻപതിലേറെത്തവണയാണ് പൈപ്പുപൊട്ടിയത്. പ്രദേശത്തെ ഗുണമേന്മയില്ലാത്ത പൈപ്പുമാറ്റി പുതിയത് സ്ഥാപിക്കാനുള്ള തീരുമാനമെടുത്തിട്ട് ഒരുവർഷം പിന്നിട്ടിട്ടും തുടർനടപടിയുണ്ടായില്ല.

റോഡുപൊളിച്ച് അറ്റകുറ്റപ്പണി നടത്താൻ പൊതുമരാമത്തുവകുപ്പിന്റെയും കേരള റോഡ് ഫണ്ടുബോർഡിന്റെയും അനുമതിക്കായി വ്യാഴാഴ്ചതന്നെ കത്തുനൽകുമെന്ന് യൂഡിസ്‌മാറ്റ് പ്രോജക്ട് മാനേജർ എ. ഷീജ പറഞ്ഞു. അറ്റകുറ്റപ്പണിക്കുള്ള സംവിധാനങ്ങൾ സജ്ജമാണെന്നും അവർ അറിയിച്ചു.