ശൂരനാട് : പന്തളം എൻ.എസ്.എസ്. കോളേജിൽ 1985-90 കാലത്ത് പഠിച്ച് പടിയിറങ്ങി പലവഴിക്കു പിരിഞ്ഞവർ മൂന്നുപതിറ്റാണ്ടിനുശേഷം ഒത്തൊരുമിച്ചു രചിക്കുന്നത് പുത്തൻ കൃഷിപാഠങ്ങൾ.

കൊല്ലം, ആലപ്പുഴ ജില്ലകളിലെ ശൂരനാട് വടക്ക്, താമരക്കുളം പഞ്ചായത്തുകളിൽ തരിശുകിടന്ന എട്ടേക്കർ സ്ഥലത്ത് നെല്ലും എള്ളും പച്ചക്കറിയും വിളയിച്ച് കൂട്ടുകൃഷിയിൽ വേറിട്ട വഴിവെട്ടുകയാണ് പക്ഷിക്കൂട്ടം എന്ന ഈ കോളേജ് പൂർവവിദ്യാർഥി വാട്‌സാപ്പ് കൂട്ടായ്മ.

കോവിഡ് വ്യാപനത്തെ തുടർന്നുള്ള അടച്ചിടൽ കാലത്താണ് കൃഷിയെ കുറിച്ചുള്ള ഗൗരവമായ ചർച്ച പക്ഷിക്കൂട്ടം ഗ്രൂപ്പിൽ തുടങ്ങിയത്.താമരക്കുളം പഞ്ചായത്തിലെ ആനയടിയിൽ ഒരേക്കർ സ്ഥലത്ത് പച്ചക്കറിക്കൃഷി ഓഗസ്റ്റിൽത്തന്നെ തുടങ്ങി. ഇതിനായി 1200 തൈകൾ കൃഷിവകുപ്പ് നൽകി.

സർക്കാർ സഹായത്താൽകിണർ കുഴിച്ചു. വൈദ്യുതി കണക്‌ഷനെടുത്ത് തുള്ളിനന തുടങ്ങി. തടം കോരാനും വെള്ളമൊഴിക്കാനും വളമിടാനും നാട്ടിലുള്ള ഗ്രൂപ്പ് അംഗങ്ങൾ ആനയടിയിൽ എത്തി. വിദ്യാലയങ്ങൾ അടഞ്ഞുകിടന്നതും ഓഫീസുകൾ ഭാഗികമായിമാത്രം പ്രവർത്തിച്ചതും പക്ഷിക്കൂട്ടത്തിന് അനുഗ്രഹമായെന്നു പറയാം. വിളവെടുക്കുന്ന മുളകും വഴുതനയും തക്കാളിയും വെണ്ടയും താമരക്കുളത്തെ വിപണിയിൽ വിറ്റശേഷം ബാക്കിയുള്ളവ അംഗങ്ങളുടെ അടുക്കളകളിലെത്തുന്നു.

കൃഷി വിപുലീകരിക്കാൻ പക്ഷിക്കൂട്ടം കാർഷികസമിതിക്ക് രൂപംനൽകി രജിസ്റ്റർ ചെയ്തു.

പി.അനിൽകുമാർ പ്രസിഡന്റും എ.മുരളീധരൻ സെക്രട്ടറിയുമായ സമിതിയിൽ സംസ്ഥാന ഭവനനിർമാണ ബോർഡ് ചെയർമാൻ പി.പ്രസാദ്, കേരള ഫീഡ്‌സ് എം.ഡി. ഡോ. ബി.ശ്രീകുമാർ, മുന്നാക്കവികസന കോർപ്പറേഷൻ എം.ഡി. എം.ജി.രഞ്ജിത്ത്‌കുമാർ, കൊടുമൺ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായിരുന്ന വിജയൻ നായർ, വെണ്മണി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ.രമേശ്‌കുമാർ, അടൂർ താലൂക്ക് സപ്ലൈ ഓഫീസർ എം.അനിൽ തുടങ്ങിയവരൊക്കെ അംഗങ്ങളാണ്. വനിതകളും സജീവമായി പ്രവർത്തിക്കുന്ന സമിതിയുടെ വൈസ് പ്രസിഡന്റ് അടൂർ സ്വദേശിനി ശ്രീജാപ്രതാപാണ്.

മുഴുവൻസമയ കർഷകനായ ഉദയൻ മഠത്തിലാണ് കാർഷികവിഭാഗം കൺവീനർ. ശൂരനാട് വടക്ക് പഞ്ചായത്തിൽ അഞ്ചേക്കർ തരിശുനിലത്തിൽ നെൽക്കൃഷിക്കും ഒരേക്കറിൽ എള്ളുകൃഷിക്കും ഇതിനിടെ തുടക്കമിട്ടു.

കേരള സർവ്വകലാശാലയുടെ സഭാനന്ദപുരത്തെ കൃഷിവിജ്ഞാന കേന്ദ്രത്തിലെ സയന്റിസ്റ്റും അസി. പ്രൊഫസറുമായ ഡോ. പൂർണ്ണിമാ യാദവ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ പുഷ്പാ ജോസഫ്, ശൂരനാട് വടക്ക് കൃഷി ഓഫീസർ അഞ്ജലി , താമരക്കുളം കൃഷി ഓഫീസർ ദിവ്യശ്രീ എന്നിവർ എല്ലാ പിന്തുണയുമേകുന്നു.

മത്സ്യക്യഷിയും ഉഴുന്ന് ചേന,ചേമ്പ്, ചോളം എന്നിവ വിളയിക്കുകയുമാണീ കൂട്ടായ്മയുടെ ഭാവി പദ്ധതികൾ.കേരള കാർഷിക സർവകലാശാലയിൽ വികസിപ്പിച്ച മനുരത്ന നെൽവിത്താണ് പാകിയത്. 28-ന്‌ നടക്കുന്ന കൊയ്ത്ത് ഉത്സവമായി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് പക്ഷിക്കൂട്ടം കൂട്ടായ്മ.