ചേർത്തല : കരപ്പുറത്തിന്റെ വിനോദസഞ്ചാര മേഖലയിലെ അനന്തസാധ്യതകളിലേക്കു വഴിതുറക്കുന്ന ചേർത്തല കായൽ ടൂറിസം സർക്യൂട്ട് വീണ്ടും ചർച്ചകളിലേക്ക്. കാൽ നൂറ്റാണ്ടിനു മുൻപ്‌ ഉയർന്ന ആശയം, ഇപ്പോൾ ത്രിതല പഞ്ചായത്തുകൾ പദ്ധതികളിലുൾപ്പെടുത്തി സർക്കാരിനു മുൻപിലെത്തിച്ചിരിക്കുകയാണ്.

ചേർത്തലയുടെ ചരിത്രവും സാഹിത്യവും സംസ്കാരവും ആത്മീയ പാരമ്പര്യവും ഒക്കെ സഞ്ചാരികൾക്കു മനസ്സിലാക്കാൻ കഴിയുന്ന തരത്തിലാണ് സർക്യൂട്ട്. വേമ്പനാട്ടു കായലും കൈവഴികളും അനുബന്ധ സ്ഥലങ്ങളും ഉൾപ്പെടുത്തിയുള്ള സർക്യൂട്ട് രൂപവത്കരിക്കുന്നതോടെ ജില്ലയിലെ വിനോദ സഞ്ചാരമേഖല വൻ കുതിപ്പിലാകും.

വേമ്പനാട്ടു കായലും കൈവഴികളും

വേമ്പനാട്ടു കായലിലെ വാരനാട് ഭാഗത്തുനിന്ന്‌ കൈവഴിയായി പടിഞ്ഞാറേക്ക് ഒഴുകുന്ന ചെങ്ങണ്ട, വയലാർ കായലകളും അനുബന്ധ തോടുകളും ചേർത്തലയുടെ ചരിത്രസ്മാരകങ്ങളെ തൊട്ടുരുമ്മി നിൽക്കുന്നു. കായലിലൂടെയുള്ള സഞ്ചാരത്തിന്റെ കേന്ദ്ര സ്ഥാനമായി ചേർത്തലയിലെ പഴയ ബോട്ടു ജെട്ടി മാറും. സമീപത്തെ ടി.ബി.യും അനുബന്ധ ജലാശയവും സഞ്ചാരികളെ ഏറെ ആകർഷിക്കുന്നതാണ്.

ചേർത്തലയുടെ ചരിത്ര സ്മാരകങ്ങൾ

വയലാറിന്റെ വിപ്ലവ ചരിത്രം, മലയാളത്തിന്റെ പ്രിയകവി വയലാർ രാമവർമ്മയുടെ രാഘവപ്പറമ്പ് വീട്, വാരനാട് ഇരയിമ്മൻ തമ്പി സ്മാരകം, ചേർത്തലയിലെ പഴയ കന്നിട്ടകൾ, കടക്കരപ്പള്ളിയിലെ ഇട്ടി അച്യുതന്റെ കുര്യാല തുടങ്ങി സഞ്ചാരികളെ ആകർഷിക്കുന്ന സ്ഥലങ്ങൾ സർക്യൂട്ടിന്റെ ഭാഗമാകും.

ഒപ്പം കായലിന് അരികെയുള്ള വാരനാട് ദേവീ ക്ഷേത്രം, കൊക്കോതമംഗലം പള്ളി, അൽപ്പം അകലത്തിലുള്ള ചേർത്തല ദേവീക്ഷേത്രം, അർത്തുങ്കൽ ബെസിലിക്ക, കണിച്ചുകുളങ്ങര ക്ഷേത്രം, മുട്ടം പള്ളി, തങ്കി പള്ളി, മരുത്തോർവട്ടം ക്ഷേത്രം, മുട്ടത്ത് തിരുമല ക്ഷേത്രം, ചേർത്തല സെൻട്രൽ ജുമാ മസ്ജിദ്, തുടങ്ങിയ ആരാധനാലയങ്ങളിലെ തീർഥാടനത്തിനും സർക്യൂട്ട് വഴിയൊരുക്കും.

കാക്കത്തുരുത്തിൽഎത്തുന്നവരെയും ആകർഷിക്കാനാകും

ലോക ടൂറിസം ഭൂപടത്തിലിടം നേടിയ കാക്കതുരുത്തിലെത്തുന്ന വിനോദ സഞ്ചാരികളെയും ആകർഷിക്കാൻ കഴിയുന്ന വിധത്തിലാണ് സർക്യൂട്ട്. ചേർത്തലയുടെ സാംസ്കാരിക, സാഹിത്യ, ആത്മീയ ചരിത്രത്തിലെ അടയാളപ്പെടുത്തലുകൾ ഇതോടെ ലോകശ്രദ്ധയാകർഷിക്കും.

ത്രിതലപഞ്ചായത്തുകൾ കൂടുതൽ ഊർജസ്വലരാകണം

നാടിന്റെ വികസനം ലക്ഷ്യമിടുന്ന ത്രിതലപഞ്ചായത്ത് ഭരണാധികാരികൾ ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ വളരെ എളുപ്പത്തിൽ പദ്ധതി യാഥാർഥ്യമാകും. സംസ്ഥാന ടൂറിസം വകുപ്പിന്റെ സഹായ സഹകരണങ്ങൾ ഇതിനായി ഉറപ്പാക്കണം. കായൽ ടൂറിസം സർക്യൂട്ട് യാഥാർഥ്യമാക്കാൻ നടപടി സ്വീകരിക്കും

ചേർത്തല ടി.ബി.കേന്ദ്രീകരിച്ച് കായൽ ടൂറിസം സർക്യൂട്ട് ആരംഭിക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കും. ഇതിനായി സംസ്ഥാന സർക്കാരിന്റെയും സമീപ പ്രദേശങ്ങളിലെ ത്രിതലപഞ്ചായത്തുകളുടെയും സഹായം ഉറപ്പാക്കും- ഷേർളി ഭാർഗവൻ, ചെയർപേഴ്‌സൺ, ചേർത്തല നഗരസഭ

കായൽ ടൂറിസം സർക്യൂട്ടിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കും

വിനോദ സഞ്ചാര മേഖലയിലെ ചില പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അവയോടൊപ്പം കായൽ ടൂറിസം സർക്യൂട്ട് യാഥാർഥ്യമാക്കാൻ മറ്റു ത്രിതല പഞ്ചായത്തുകളുടെയും സർക്കാരിന്റെയും സഹായം തേടും- കവിതാ ഷാജി, പ്രസിഡന്റ്, വയലാർ പഞ്ചായത്ത്

ഭരണാധികാരികൾ ഒരേ മനസ്സോടെ പ്രവർത്തിക്കണം

ത്രിതല പഞ്ചായത്ത് ഭരണാധികാരികൾ ഒരേ മനസ്സോടെ ഇതിനായി പ്രവർത്തിക്കണം. ഒപ്പം കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ സഹായവും ഉറപ്പാക്കണം-  വാരനാട് സുനീഷ്, തിരക്കഥാകൃത്ത്