ഹരിപ്പാട് : രാത്രിയിൽ ജോലികഴിഞ്ഞു മടങ്ങുന്നതിനിടെ ആക്രമണത്തിനിരയായ ആരോഗ്യപ്രവർത്തക തൃക്കുന്നപ്പുഴ പാനൂർ ഫാത്തിമാ മൻസിലിൽ സുബിന(33)യെ വീണ്ടും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത ശരീരവേദനയും മാനസികാസ്വസ്ഥതയും അനുഭവപ്പെട്ടതിനാൽ സുബിനയെ വ്യാഴാഴ്ച വൈകീട്ടാണ് ബന്ധുക്കൾ ചേർന്നു മെഡിക്കൽ കോളേജിലെത്തിച്ചത്.

തിങ്കളാഴ്ച രാത്രിയിൽ പല്ലന ഹൈസ്കൂളിനു സമീപത്തുവെച്ചാണ് ആക്രമിക്കപ്പെട്ടത്. പുലർച്ചേ മൂന്നുമണിയോടെ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സതേടിയ സുബിനയെ ചൊവ്വാഴ്ച രാവിലെ വീട്ടയക്കുകയായിരുന്നു. വീട്ടിലെത്തിയിട്ടും ശാരീരികാസ്വസ്ഥതകൾ തുടർന്നതിനാൽ പിന്നീട് സമീപത്തുള്ള ഫിഷറീസ് ആശുപത്രിയിൽ ചികിത്സതേടി. ഇവിടെനിന്നാണ് വ്യാഴാഴ്ച വൈകീട്ട് വീണ്ടും മെഡിക്കൽ കോളേജിലെത്തിയത്.

മെഡിക്കൽ കോളേജിൽ കോവിഡ് വാർഡ് തുടങ്ങിയപ്പോൾമുതൽ സുബിന അവിടെ ജോലിചെയ്യുന്നുണ്ടായിരുന്നു. എന്നിട്ടും പരിക്കുകളോടെയെത്തിയ സുബിനയ്ക്ക് വേണ്ട ചികിത്സനൽകാൻ മെഡിക്കൽ കോളേജ് അധികൃതർ തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്. കോവിഡ് വാർഡിൽ ജോലിചെയ്തിരുന്നതിനാലാണിതെന്ന പരാതി ബന്ധുക്കൾ പങ്കുവെക്കുന്നു.

ശരീരത്തിലുണ്ടായ മുറിവുകളെക്കാൾ ആക്രമണത്തിന്റെ ആഘാതമുണ്ടാക്കിയ മാനസികബുദ്ധിമുട്ടുകളാണ് സുബിനയെ തളർത്തുന്നത്. വ്യാഴാഴ്ച രാവിലെ എ.എം. ആരിഫ് തൃക്കുന്നപ്പുഴ ഫിഷറീസ് ആശുപത്രിയിലെത്തി സുബിനയെ കണ്ടിരുന്നു.

സുബിനയുടെ മാനസികാവസ്ഥയെപ്പറ്റി മനസ്സിലാക്കിയ എം.പി. മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരുമായി സംസാരിച്ച് കൗൺസലിങ് നൽകാൻ ക്രമീകരണമുണ്ടാക്കി.

ഇതേത്തുടർന്ന് ഉച്ചയോടെ മെഡിക്കൽ കോളേജിൽനിന്ന്‌ കൗൺസലർ ഫിഷറീസ് ആശുപത്രിയിലെത്തി സുബിനയുമായി സംസാരിച്ചു. തുടർച്ചയായി കൗൺസലിങ് വേണ്ടിവരുമെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. ഇതുകൂടി കണക്കിലെടുത്താണ് സുബിനയെ വണ്ടാനത്തേക്കു മാറ്റിയിരിക്കുന്നത്.

ആഘാതത്തിൽനിന്ന്‌ സുബിന മോചിതയായിട്ടില്ല. അക്രമികൾ കുത്തിപ്പിടിച്ചതിനാൽ കഴുത്തിന്റെ ഭാഗത്തു നീരുണ്ട്. പോലീസ് ഉദ്യോഗസ്ഥരോടും ജനപ്രതിനിധികളോടും താൻ നേരിട്ട അനുഭവം വീണ്ടും പറയുമ്പോൾ സുബിന വല്ലാത്ത ഭയപ്പാടിലാണ്.

ഭർത്താവ് ഏഴുവർഷമായി അർബുദത്തിനു ചികിത്സയിലാണ്. ആറുവർഷമായി സുബിന വണ്ടാനം മെഡിക്കൽ കോളേജിൽ എൻ.എച്ച്.എം.വഴി ജോലിചെയ്യുകയാണ്. രണ്ടു പെൺമക്കളുണ്ട്. നിർധന കുടുംബത്തിന്റെ ഏകവരുമാനം സുബിനയുടെ ജോലിയാണ്.