മാന്നാർ : ലക്ഷങ്ങൾമുടക്കി എസ്.സി. ഫണ്ടിൽ നിർമിച്ച കാലഹരണപ്പെട്ട കെട്ടിടങ്ങൾ സമയബന്ധിതമായി നന്നാക്കിയെടുക്കുമെന്ന് മാന്നാർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്‌നകുമാരി, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി.കെ. പ്രസാദ് എന്നിവർ അറിയിച്ചു. തിങ്കളാഴ്ച മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച ‘പാഴാകുന്ന എസ്.സി. ഫണ്ടുകൾ’ എന്ന വാർത്തയോടു പ്രതികരിക്കുകയായിരുന്നു അവർ.

2007-09 വർഷങ്ങളിൽ എൽ.ഡി.എഫ്. ഭരിക്കുമ്പോഴാണ് 11-ാം വർഡിൽ തൈച്ചിറ കോളനിയിൽ ഓഡിറ്റോറിയവും കൈത്തറി നിർമാണയൂണിറ്റും സ്ഥാപിക്കുന്നത്. പിന്നീടുവന്ന യു.ഡി.എഫ്. ഭരണസമിതി ഈ രണ്ടുകെട്ടിടങ്ങളും സംരക്ഷിക്കുന്നതിനും 30 വനിതകൾക്ക് ജോലി ലഭിച്ചിരുന്ന കൈത്തറി വസ്ത്രനിർമാണ യൂണിറ്റ് പ്രവർത്തിക്കുന്നതിനും യാതൊന്നും ചെയ്തില്ലെന്നും അവർ കുറ്റപ്പെടുത്തി.

കൂടുതൽപഠനം നടത്തി കൈത്തറി യൂണിറ്റ് പ്രവർത്തിപ്പിക്കുന്നതിന് നടപടിയെടുക്കുമെന്നവർ പറഞ്ഞു.

വിജ്ഞാൻവാടി ഉചിതമായ സ്ഥലത്തല്ല

കഴിഞ്ഞ യു.ഡി.എഫ്. ഭരണസമിതിയുടെ കാലയളവിൽ 12-ാം വാർഡിൽ പണിത വിജ്ഞാൻവാടി ഉചിതമായ സ്ഥലത്തല്ല നിർമിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ചേപ്പഴത്തിൽ കോളനിയിൽ അഞ്ചു പട്ടികജാതി കുടുംബങ്ങൾ മാത്രമേ താമസിക്കുന്നുള്ളു. എന്നാൽ, പിന്നാക്കവിഭാഗത്തിൽപ്പെട്ട നിരവധി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന മറ്റു വാർഡുകൾ ഉണ്ടായിട്ടും ചില താത്പര്യങ്ങൾമുലം ഇവിടെ വിജ്ഞാൻവാടി കെട്ടിടം പണിയുകയായിരുന്നെന്ന്‌ അവർ ആരോപിച്ചു.