മാന്നാർ : നവംബർ ആദ്യം സ്കൂളുകൾ തുറക്കുമ്പോൾ മാന്നാർമേഖലയിലെ വിദ്യാർഥികളടക്കമുള്ളവർ ഏറ്റവുംകൂടുതൽ ബുദ്ധിമുട്ടുക യാത്രചെയ്യാനായിരിക്കും. കോവിഡ് നിയന്ത്രണങ്ങളൊക്കെ അയഞ്ഞ്‌, ബസ്സുകൾ ഓടിത്തുടങ്ങിയെങ്കിലും പഞ്ചായത്തിന്റെ ബസ്‌സ്റ്റാൻഡിൽ ഒരെണ്ണംപോലും കയറുന്നില്ല. 2020-ൽ കോവിഡ്‌വ്യാപനം തുടങ്ങിയശേഷം 20 മാസത്തോളമായി കായംകുളം- തിരുവല്ല റൂട്ടിലോടുന്ന ഒരുബസ്സും സ്റ്റാൻഡിൽ കയറുന്നില്ല.

ചെങ്ങന്നൂർ- മാന്നാർ റൂട്ടിലോടുന്ന രണ്ടുവണ്ടികൾ മാത്രമാണു സ്റ്റാൻഡിൽ നിർത്തുന്നത്. 2000 ഓഗസ്റ്റിലാണ് അന്നത്തെ രാജ്യസഭാംഗം എസ്. രാമചന്ദ്രൻപിള്ളയുടെ പ്രാദേശികഫണ്ട് ഉപയോഗിച്ചു സ്റ്റോർജങ്‌ഷനിൽ ബസ്‌സ്റ്റാൻഡ് പണിതത്. തുടക്കംമുതൽതന്നെ ബസ്സുകൾ സ്റ്റാൻഡിൽ കയറാൻ വിമുഖതകാണിച്ചിരുന്നു. നിരവധി പരാതികൾ ഉയരുകയും സാമൂഹികപ്രവർത്തകർ കോടതിയിൽ കേസുനൽകുകയും ചെയ്തതിനെത്തുടർന്ന് 2008 മുതൽ സ്റ്റാൻഡിൽ വണ്ടികൾ കയറാൻതുടങ്ങി. എന്നാൽ, പോലീസിന്റെ ട്രാഫിക്ജോലി കാര്യക്ഷമമല്ലാതിരുന്നതിനാൽ പിന്നീടും പല ബസ്സുകളും സ്റ്റാൻഡിൽ കയറാതെയായി.

ആദ്യഘട്ടത്തിൽ കെ.എസ്.ആർ.ടി.സി. കയറിയിരുന്നെങ്കിലും പിന്നീടവയും സ്റ്റാൻഡിനെ ഉപേക്ഷിച്ചു.

കഴിഞ്ഞ നിയമസഭയുടെ അവസാനഘട്ടത്തിൽ സജി ചെറിയാൻ എം.എൽ.എ.യുടെ ഫണ്ടുപയോഗിച്ച് മാന്നാർടൗൺ, തൃക്കുരട്ടി ജങ്‌ഷൻ, സ്റ്റോർജങ്‌ഷൻ എന്നിവിടങ്ങളിൽ ട്രാഫിക് സിഗ്നൽലൈറ്റുകൾ സ്ഥാപിച്ചെങ്കിലും സ്റ്റോർജങ്‌ഷനിലെ സിഗ്നൽലൈറ്റിനുസമീപം ബസ്സുനിർത്തി ആളെയിറക്കുന്നതും കയറ്റുന്നതും മറ്റുവാഹനങ്ങൾക്കു ബുദ്ധിമുട്ടായി. സിഗ്നലിൽ പച്ചലൈറ്റ് കത്തിക്കിടക്കുമ്പോഴാണ് ബസ്സുകൾ ഇവിടെ നിർത്തുന്നത്. ഇതു മറ്റുവാഹനങ്ങളുടെ യാത്രയെയും തടസ്സപ്പെടുത്തുന്നു.