മാന്നാർ/വടക്കഞ്ചേരി : തിങ്കളാഴ്ച പുലർച്ചേ അജ്ഞാതസംഘം വീടാക്രമിച്ചു തട്ടിക്കൊണ്ടുപോയ യുവതിയെ ഉച്ചയോടെ പാലക്കാട് വടക്കഞ്ചേരിക്കു സമീപം അവശനിലയിൽ കണ്ടെത്തി. മാന്നാർ കുരട്ടിക്കാട് വിസ്മയ വിലാസത്തിൽ ബിന്ദു ബിനോയി (39)യെ ആണ് വടക്കഞ്ചേരിക്കടുത്ത് മുടപ്പല്ലൂരിൽ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയവർ വഴിയിലുപേക്ഷിക്കുകയായിരുന്നു. റാഞ്ചികൾ സ്വർണക്കടത്തുമായി ബന്ധപ്പെട്ട സംഘമാണെന്നു സംശയിക്കുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണു മുടപ്പല്ലൂർ ടൗണിനുസമീപം ബിന്ദുവിനെ കാണുന്നത്. ഈ സമയം അവിടെയെത്തിയ ഓട്ടോഡ്രൈവറുടെ ഫോണിൽനിന്ന് ബിന്ദു സ്വന്തംഫോണിലേക്കു വിളിക്കുകയായിരുന്നു. ഫോൺ അപ്പോൾ മാന്നാർ പോലീസ് സ്റ്റേഷനിലായിരുന്നു. ഫോണെടുത്ത പോലീസ് ബിന്ദുവിനോടു സംസാരിച്ചശേഷം ഓട്ടോഡ്രൈവറോട് അടുത്തുള്ള വടക്കഞ്ചേരി പോലീസ് സ്റ്റേഷനിൽ ഇവരെ എത്തിക്കാൻ നിർദേശിച്ചു.
വലതുകൈയിൽ പോറൽ മാത്രമാണുണ്ടായിരുന്നത്. വടക്കഞ്ചേരി പോലീസ് വിവരങ്ങൾ ചോദിക്കുന്നതിനിടെ സ്റ്റേഷനിൽ തലകറങ്ങിവീണ ഇവരെ ഉടൻ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തന്നെ തട്ടിക്കൊണ്ടുവന്ന വാഹനത്തിൽ നാലുപേരുണ്ടായിരുന്നതായും പണം ആവശ്യപ്പെട്ടതായും യുവതി പറഞ്ഞു. സ്വർണക്കടത്തുമായി സംഭവത്തിനു ബന്ധമുണ്ടോ എന്ന ചോദ്യത്തിനു പ്രതികരണമുണ്ടായില്ല.
തിങ്കളാഴ്ച രാത്രി ഏഴരയോടെ ബിന്ദുവിനെ മാന്നാർ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. ഓൺലൈൻ വഴി മജിസ്‌ട്രേട്ടിനു മുന്നിൽ ഹാജരാക്കിയശേഷം ബന്ധുക്കളോടൊപ്പം വിട്ടയച്ചു. പ്രതികളെപ്പറ്റി വ്യക്തമായ സൂചന ലഭിച്ചതായും സമഗ്രമായ അന്വേഷണമാണു മുന്നോട്ടുപോകുന്നതെന്നും പോലീസ് പറഞ്ഞു.
സംഭവം ഇങ്ങനെ
തിങ്കളാഴ്ച പുലർച്ചേ രണ്ടുമണിയോടെയാണു മാന്നാർ ഗ്രാമപ്പഞ്ചായത്ത് ഓഫീസിനുതൊട്ടുവടക്കുള്ള ബിന്ദുവിന്റെവീട്ടിലേക്കു പതിനഞ്ചോളംവരുന്ന അക്രമിസംഘമെത്തിയത്. ഗേറ്റ് തള്ളിത്തുറന്ന സംഘം മുൻവാതിൽ തകർത്താണ് അകത്തുകടന്നത്. ഈ സമയം ബിന്ദു, ഭർത്താവ് ബിനോയ്, മകൾ വിസ്മയ, ബിന്ദുവിന്റെ അമ്മ ജഗദമ്മ, സഹോദരൻ ബിജു, ബിനോയിയുടെ സഹോദരൻ ബിജി, സുഹൃത്ത് സുമേഷ് എന്നിവർ വീട്ടിലുണ്ടായിരുന്നു.
ആറുപേർ വീട്ടിനുള്ളിൽ കയറി. മറ്റുള്ളവർ വീടിനുപുറത്തു പലഭാഗത്തായി കാവൽനിന്നു. അകത്തു കയറിയവർ വടിവാൾകാട്ടി പുരുഷൻമാരെ മറ്റു മുറികളിലേക്കു മാറ്റിയശേഷം ബിന്ദു കിടന്നമുറി തള്ളിത്തുറന്ന് അവരെ പൊക്കിയെടുത്തുകൊണ്ടു പോവുകയായിരുന്നുവെന്നു പറയുന്നു. അക്രമികളുടെ മുഖത്തു വീട്ടുകാർ മുളകുവെള്ളം ഒഴിച്ചെങ്കിലും പ്രയോജനമുണ്ടായില്ല.
ആക്രമണത്തിൽ പരിക്കറ്റേ അമ്മ ജഗദമ്മയെ ആശുപത്രിയിൽ ചികിത്സനൽകിയശേഷം വീട്ടിലെത്തിച്ചു. ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, ചെങ്ങന്നൂർ ഡിവൈ.എസ്.പി. ആർ. ജോസ്, സി.ഐ.മാരായ നൂമാൻ, ഡി. ബിജുകുമാർ എന്നിരുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നതിനിടയിലാണു വടക്കഞ്ചേരിയിൽനിന്ന് ബിന്ദുവിനെ കണ്ടെത്തിയത്.
ദുബായിൽനിന്നെത്തിയത് 19-ന്
ദുബായിൽ ജോലിയുള്ള ബിന്ദു 19-നാണ് നാട്ടിലെത്തിയത്. അന്നുരാത്രിയിൽ ഏതാനുംപേർ വീട്ടിലെത്തി ദുബായിൽനിന്നു കൊടുത്തുവിട്ട സ്വർണം ആവശ്യപ്പെട്ടതായി ബന്ധുക്കൾ പോലീസിനോടു പറഞ്ഞു. എന്നാൽ, സ്വർണം ആരും ഏൽപ്പിച്ചില്ല എന്നു ബിന്ദു പറഞ്ഞു. രണ്ടുമണിക്കൂറോളം ഇവർ സംസാരിച്ചശേഷം ആളു തെറ്റിയതാകാം എന്നുപറഞ്ഞു വന്നവർ മടങ്ങി. ഇതിനുശേഷവും ഇവർ സ്വർണം ആവശ്യപ്പെട്ട് എത്തിയിരുന്നതായി പോലീസ് പറയുന്നു. എന്നാൽ, ഇതുസംബന്ധിച്ചു ബിന്ദു പോലീസിൽ പരാതിപ്പെട്ടിട്ടില്ല.