ഇരുട്ടുമൂടിക്കിടക്കുന്ന തങ്കിക്കവല ജീവൻപൊലിഞ്ഞ അപകടങ്ങൾ പത്തിലേറെ. എന്നിട്ടും കവലയിലെ കുരുക്കഴിക്കാൻ നടപടിയില്ലചേർത്തല : കഴിഞ്ഞ കുറച്ചുവർഷങ്ങളിലെ അപകടക്കണക്കെടുത്താൽ 47 എണ്ണമാണ് തങ്കിക്കവലയിൽ നടന്നത്. ഇതിൽ ജീവൻപൊലിഞ്ഞ അപകടങ്ങൾ പത്തിലേറെ. എന്നിട്ടും കവലയിലെ കുരുക്കഴിക്കാൻ നടപടിയില്ല.

ദേശീയപാതയിലേക്കു പ്രധാന തീരദേശറോഡ്‌ വന്നുചേരുന്ന സ്ഥലത്തെ ഇരുട്ടാണ് അപകടങ്ങൾക്ക് ഒരു കാരണം. ഇവിടെ ദേശീയപാതയിലെ സാധാരണ വിളക്കുകൾക്കൊപ്പം മൂന്നരലക്ഷത്തിലേറെ മുടക്കി ഉയരവിളക്കും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും തെളിയാത്തതാണ് ഇരുട്ടിനു കാരണമാകുന്നത്. പകൽപോലും വലിയ അപകടങ്ങൾ ഇവിടെ പതിവാണ്. കിഴക്കുനിന്നുവരുന്ന വാഹനങ്ങൾ ദേശീയപാതയിലേക്കു കയറുമ്പോഴാണ് അപകടങ്ങൾക്കു വഴിയൊരുങ്ങുന്നത്. രാത്രികാലത്ത് ഇരുട്ട്‌ കാഴ്ചമറക്കുന്നതോടെ അപകടസാധ്യതയും ഏറിയിരിക്കുകയാണ്.

ഇരുട്ടു പരിഹരിക്കാൻ സ്ഥാപിച്ച ഉയരവിളക്കും തെളിയുന്നില്ല

ഇവിടെ ഇരുട്ടു പരിഹരിക്കാൻ മുൻമന്ത്രി പി. തിലോത്തമന്റെ ഫണ്ടിൽനിന്നാണ് 2017-18 പദ്ധതിയിൽ ഉൾപ്പെടുത്തി 3.69 ലക്ഷം അനുവദിച്ച് വിളക്കു സ്ഥാപിച്ചത്. വയലാർ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ലൈറ്റ് കവലയിൽ സ്ഥാപിച്ചത്. പരിപാലനച്ചുമതല വയലാർ പഞ്ചായത്തിനാണ്. ഏതാനുംവർഷം സ്ഥാപിച്ച കമ്പനിക്കുതന്നെയാണ് അറ്റകുറ്റപ്പണികളുടെ ചുമതല. കടക്കരപ്പള്ളി, വയലാർ പഞ്ചായത്തുകളുടെ സംഗമസ്ഥലമാണിവിടം.

അടിയന്തരമായി പരിഹരിക്കുമെന്നു പഞ്ചായത്ത്

ഉയരവിളക്ക് അടിയന്തരമായി തെളിക്കാൻ നടപടി സ്വീകരിക്കുമെന്ന് വയലാർ ഗ്രാമപ്പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യു.ജി. ഉണ്ണി അറിയിച്ചു.