അമ്പലപ്പുഴ : പ്രളയജലത്തിന്റെ കടലിലേക്കുള്ള ഒഴുക്കുതടസ്സപ്പെടുത്തി തോട്ടപ്പള്ളി സ്പിൽവേയിൽ വീണ്ടും മാലിന്യവും പോളയുമടിഞ്ഞു. സ്ഥലം സന്ദർശിച്ച കളക്ടർ, മാലിന്യം അടിയന്തരമായി നീക്കാൻ ജലസേചനവകുപ്പ് ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. തുടർന്ന് ദേശീയപാതയിൽ രാത്രി പത്തുമുതൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി മാലിന്യവും പോളയും നീക്കി. സ്പിൽവേയിലെ 39 ഷട്ടറുകളാണ് ഉയർത്തിയിട്ടുള്ളത്.

ചട്ടക്കൂടുമായി ബന്ധം നഷ്ടപ്പെട്ടതിനാൽ നടുക്കുള്ള ഷട്ടർ ബുധനാഴ്ച രാത്രി വീണിരുന്നു. മൂന്നാമത്തെ ഷട്ടറാണ് ഇത്തരത്ത‌ിൽ വീഴുന്നത്.

യാത്രക്കാരെ വലച്ച് ഗതാഗതനിയന്ത്രണം

ദേശീയപാതയിൽ തോട്ടപ്പള്ളി സ്പിൽവേ പാലത്തിൽ ദിവസങ്ങളായി തുടരുന്ന ഗതാഗതനിയന്ത്രണം യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. വീണ ഷട്ടർ ഉയർത്തുന്നതിനു ബുധനാഴ്ചരാത്രി മൂന്നുമണിക്കൂറാണ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയത്. കനാലിലെ പോളയും മാലിന്യവും നീക്കാൻ വ്യാഴാഴ്ച ഒരുമണിക്കൂറോളം ഗതാഗതനിയന്ത്രണമുണ്ടായി.

ഷട്ടറുകൾ ഉയർത്തുന്നതിന്റെപേരിൽ കഴിഞ്ഞ പതിനൊന്നുമുതലാണു നിയന്ത്രണം തുടങ്ങിയത്.

ചട്ടക്കൂടുമായി ബന്ധം നഷ്ടപ്പെട്ടു താഴ്ന്ന ഒൻപത്, 14 ഷട്ടറുകൾ ഉയർത്താൻ തിങ്കളാഴ്ച പകലും രാത്രിയും ഗതാഗതനിയന്ത്രണമേർപ്പെടുത്തേണ്ടി വന്നു. വേറെ വഴികളില്ലാത്തതിനാൽ സ്പിൽവേ പാലത്തിൽ ഗതാഗതം തടസ്സപ്പെടുമ്പോൾ യാത്രക്കാർ ദുരിതത്തിലാകും.