പുന്നപ്ര : എഴുപത്തഞ്ചാമത് പുന്നപ്ര വയലാർ വാർഷികവാരാചരണത്തിന്റെ ഭാഗമായി പുന്നപ്ര സമരഭൂമിയിലെ രക്തസാക്ഷിമണ്ഡപത്തിൽ ശനിയാഴ്ച പത്തുമുതൽ പുഷ്പാർച്ചന നടക്കും. പത്തരയ്ക്ക് നടക്കുന്ന രക്തസാക്ഷി അനുസ്മരണത്തിൽ സി.പി.എം., സി.പി.ഐ. ജില്ലാസെക്രട്ടറിമാരായ ആർ. നാസർ, ടി.ജെ. ആഞ്ചലോസ് എന്നിവർ അനുസ്മരണപ്രഭാഷണം നടത്തും.

വൈകീട്ടുമൂന്നിന് പറവൂർ ജങ്ഷനിലെ രക്തസാക്ഷിമണ്ഡപത്തിൽനിന്നു സമരസേനാനി വാരിയംപറമ്പിൽ കൃഷ്ണന്റെ മകൾ സുവർണാ പ്രതാപൻ കൊളുത്തുന്ന ദീപശിഖ എൻ. രാജേഷ് ഏറ്റുവാങ്ങും.

വിവിധകേന്ദ്രങ്ങളിൽ പ്രയാണം നടത്തി മണ്ഡപനടയിൽ എത്തിച്ചേരുമ്പോൾ ആദിൽ ജുനൈദിൽനിന്നു വാരാചരണകമ്മിറ്റി പ്രസിഡന്റ് ഇ.കെ. ജയൻ ഏറ്റുവാങ്ങി മണ്ഡപനടയിൽ സ്ഥാപിക്കും.

ആറിനു പൊതുസമ്മേളനം സി.പി.എം. സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. സി.പി.ഐ. സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ അനുസ്മരണം നടത്തും. വെള്ളിയാഴ്ചരണ്ടിനു പറവൂരിലെ അനുസ്മരണവേദിയിൽ പൊതുവിജ്ഞാന മത്സരം നടക്കും.

നാലിനു വനിതാസെമിനാർ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാനസെക്രട്ടറി അഡ്വ. സി.എസ്. സുജാത ഉദ്ഘാടനം ചെയ്യും.

വ്യാഴാഴ്ച വൈകീട്ട് പറവൂർ ഗലീലിയോ ജങ്ഷനിൽ നടന്ന പൊതുസമ്മേളനം സി.പി.എം. ഏരിയാ കമ്മിറ്റിയംഗം കെ. മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. സി. വാമദേവൻ അധ്യക്ഷനായി. എൻ.പി. വിദ്യാനന്ദൻ, ടി.എസ്. ജോസഫ്, ജയാ പ്രസന്നൻ, പി.സി. സിക്സ്റ്റസ്, സുധർമാ ബൈജു തുടങ്ങിയവർ പ്രസംഗിച്ചു.